ലുലു കിങ്ഡം ഷെഫ് പാചക മത്സരം: രുചിവസന്തമൊരുക്കാൻ 'ഷെഫ് പിള്ള'സൗദിയിൽ
text_fieldsദമ്മാം: കേരളത്തിന്‍റെ വൈവിധ്യ രുചിപ്പെരുമയിലൂടെ ലോകനേതാക്കളുൾപ്പെടെയുള്ളവരുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച പാചക കലയിലെ മലയാളി വിസ്മയം ഷെഫ് സുരേഷ് പിള്ള സൗദിയിലെത്തി. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ദമ്മാം, റിയാദ്, ജിദ്ദ ശാഖകളിൽ നടക്കുന്ന 'ഗൾഫ് മാധ്യമം-ലുലു' കിങ്ഡം പാചക മത്സരത്തിലെ വിധികർത്താവും മുഖ്യ അതിഥിയുമായാണ് സുരേഷ് പിള്ളയുടെ പ്രഥമ സൗദി സന്ദർശനം. ഫെബ്രുവരി 24 ന് വൈകീട്ട് ഏഴിനാണ് ദമ്മാം ലുലുമാളിലെ പരിപാടി. 25 ന് റിയാദ് മുറബയിലെ ലുലുവിലും 26 ന് ജിദ്ദ അമീർ ഫവാസിലെ ലുലുവിലും നടക്കുന്ന പാചക മത്സരത്തിലും സുരേഷ് പിള്ള പങ്കെടുക്കും.
ഫേസ്ബുക്കിലും ഇൻസ്റ്റ ഗ്രാമിലും ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള കേരളത്തിലെ ഏക പാചക പ്രതിഭയാണ് സുരേഷ് പിള്ള. നിലവിൽ യു.കെ പൗരത്വമുള്ള സുരേഷ് പിള്ള ഏതാണ്ടെല്ലാ രാജ്യങ്ങളിലേയും അതിപ്രശസ്തമായ റസ്റ്റാറന്റുകളിൽ ജോലിചെയ്തിട്ടുണ്ട്.കൊല്ലം ചവറയിലെ തെക്കും ഭാഗം എന്ന കായലോര ഗ്രാമത്തിലെ ദാരിദ്ര്യം മുറ്റിനിന്ന വീട്ടിൽ ജനിച്ച സുരേഷ് പാചക കലയിലെ വിസ്മയത്തിലൂടെ ലോകത്തിന്‍റെ നെറുകയിലേക്ക് കയറിപ്പോയ കഥ വിസ്മയജനകമാണ്.
പ്രീഡിഗ്രിക്ക് കൊല്ലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പഠനം പാതിവഴിയിൽ നിർത്തി ജോലിതേടാൻ പ്രേരിപ്പിച്ചത് വീട്ടിലെ ദാരിദ്ര്യമാണ്. 17ാം വയസ്സിൽ കൊല്ലം ജെറോം നഗറിലെ ഒരു റസ്റ്റാറന്റിൽ വെയിറ്ററായി ജോലിയിൽ കയറിയ സുരേഷ് ഒഴിവുകിട്ടുന്ന സമയങ്ങളിലെല്ലാം അടുക്കളിയിൽ കയറി പാചകം പഠിച്ചു. അവിടെനിന്ന് കോയമ്പത്തൂരിലേക്കും ബംഗളൂരുവിലേക്കും പോയ സുരേഷ് ലീല ഗ്രൂപ്പിൽ എത്തിപ്പെട്ടത് വലിയ വഴിത്തിരിവായി.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ പാചക പരീക്ഷണത്തിൽ ആദ്യം തിരഞ്ഞെടുക്കപ്പെടുമെങ്കിലും അംഗീകൃത ബിരുദങ്ങൾ ഇല്ലാത്തതിനാൽ അവസാനം ഒഴിവാക്കപ്പെടും.
എന്നാൽ, പിന്തിരിയാൻ ഇഷ്മില്ലാത്ത സുരേഷ് തന്‍റെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ തന്റെ ആഗ്രഹം സഫലമാക്കാൻ 20,000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ലീല ഗ്രൂപ്പിൽ കേവലം ജീവനക്കാർക്ക് ഭക്ഷണമുണ്ടാക്കുന്ന തസ്തികയിലെ ജോലി 5000 രൂപ ശമ്പളത്തിൽ സ്വീകരിക്കേണ്ടിവന്നു. എന്നാൽ, സുരേഷിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് നടന്നത്. ലീല ഗ്രൂപ്പിലെ പ്രധാന ഷെഫായി സുരേഷ് പിള്ള പിന്നീട് മാറി. അവിടെനിന്ന് ലോകത്തിലെതന്നെ ഏറ്റവും പഴയതും പ്രമുഖവുമായ 'വീരസ്വാമി 'റസ്റ്റാറന്റിലേക്ക് സുരേഷ് പിള്ള തിരഞ്ഞെടുക്കപ്പെട്ടു.
1927ൽ സ്ഥാപിതമായ ഇംഗ്ലണ്ടിലെ പിക്കാർഡലി തെരുവിലെ വീരസ്വാമി റസ്റ്റാറന്റിൽ ഗാന്ധിജിയും വിൻസ്റ്റൺ ചർച്ചിലുമുൾപ്പെടെയുള്ളവർ ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ട്. ആറു വർഷം അവിടത്തെ പ്രധാന ഷെഫായിരുന്ന സുരേഷ് പിള്ള ബി.ബി.സിയുടെ പാചക മത്സര റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ലോകപ്രശസ്തനാകുന്നത്. ചെറുപ്പത്തിൽ കോളജിൽ പോകാൻ കഴിയാത്ത ദുഃഖത്തിൽ അവധി ദിവസങ്ങളിൽ കൊല്ലം എസ്.എൻ കോളജിന്‍റെ മുറ്റത്ത് പോയിനിന്ന് കൊതിതീർത്ത സുരേഷ് പിള്ളയെ ലോകപ്രശസ്തമായ ബർമാസ് യൂനിവേഴ്സിറ്റി അധ്യാപകനായി ക്ഷണിച്ച് കൊണ്ടുപോയി. 7000 കുട്ടികൾ നിറഞ്ഞ സദസ്സിൽ സുരേഷ് പാചകത്തെ കുറിച്ച് ക്ലാസെടുത്തു. ഫ്രെഡറിക് റോജറും വിരാട് കോഹ്ലിയുമൊക്കെ സുരേഷ് പിള്ളയുടെ പാചക വൈദഗ്ധത്യത്തിന്‍റെ ഫലമറിഞ്ഞ് അഭിനന്ദിച്ചവരാണ്. അവിടെ നിന്ന് രവി പിള്ളയുടെ നേതൃത്വത്തിലുള്ള 'റാവിസ് ഗ്രൂപ്' കോർപറേറ്റ് ഷെഫ് ആയി സുരേഷിനെ വീണ്ടും കേരളത്തിൽ എത്തിച്ചു.
ആറ് മാസത്തിന് മുമ്പ് പിള്ള ബംഗളൂരുവിലെ വൈറ്റ്ഫിൽഡിൽ തുടങ്ങിയ 'ഷെഫ് പിള്ള റസ്റ്റാറന്റ്' അതിവേഗമാണ് ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായി മാറിയത്.
ഒരു ലോകനേതാക്കളടങ്ങുന്ന ഒരുസംഘത്തിന് പ്രത്യേക അത്താഴമൊരുക്കാൻ നേരത്തെ ജോലിചെയ്തിരുന്ന സ്ഥാപനം 2020ൽ സുരേഷ് പിള്ളയെ 14 ദിവസത്തേക്ക് ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ, തിരികെ യാത്രതിരിക്കുന്നതിന്‍റെ തലേന്ന് ലോക് ഡൗൺ ആരംഭിച്ചതോടെ അവിടെ കുടുങ്ങിപ്പോയ ഷെഫ് പിള്ള തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പങ്കുവെച്ച വിഡിയോകൾ ആസ്വാദകർ ഏളുപ്പം ഏറ്റെടുത്തു. 75 മില്യൺ ആളുകളാണ് പിള്ളയുടെ വിഡിയോകൾ കാണുന്നത്.
ലോകമെമ്പാടും 7000ൽ അധികം ഹോട്ടലുകളുള്ള മാരിയറ്റ് ഗ്രൂപ്പിൽപെട്ട കൊച്ചിയിലെ ലേമെർഡിയൻ ഇന്ത്യയിൽ ആദ്യമായി പുറത്തുനിന്നുള്ള ഒരു ഗ്രൂപ്പിന് തങ്ങളുടെ ഹോട്ടലിൽ റസ്റ്റാറന്റ് നടത്താനുള്ള അനുവാദം നൽകിയിരിക്കുന്നത് ഷെഫ് പിള്ളക്കാണ്. അദ്ദേഹത്തിന്‍റെ 'ഫിഷ് നിർവാണ' ഏറ്റെടുത്തത് ലോകത്തിലെ ലക്ഷക്കണക്കിന് ഭക്ഷണപ്രിയരാണ്.
നോർത്തിന്ത്യൻ ഭക്ഷണ വൈദഗ്ധ്യങ്ങൾ തേടി 15 ദിവസം നടത്തിയ യാത്രക്കവസാനമാണ് അദ്ദേഹം ദമ്മാമിൽ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച ദമ്മാമിലെ പാചക പ്രതിഭകളെ കാണാനുള്ള കാത്തിരിപ്പിലാണ് ഷെഫ് പിള്ള. രമ്യയാണ് ഭാര്യ. ഐശ്വര്യ (15), ശ്രീഹരി (13) എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.