ലൂപസ് ബോധത്കരണ കാമ്പയിൻ 26ന്
text_fieldsമസ്കത്ത്: ലൂപസ് രോഗത്തിനെതിരെ 'ഒമാനി ലൂപസ്' ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിയിലെ കോളജ് ഓഫ് ഫാർമസിയുമായി സഹകരിച്ചാണ് പരിപാടി നടത്തുക. നാഷനൽ യൂനിവേഴ്സിറ്റിയിലെ ഗ്രേറ്റ് ഹാളിൽ വ്യാഴാഴ്ചയാണ് 'ജീവിതം ലൂപസിനൊപ്പം' (ലൈഫ് വിത്ത് ലൂപസ്) എന്ന പേരിൽ പരിപാടി നടക്കുന്നത്.
ലൂപസ് അഥവാ സിസ്റ്റമിക് ലൂപസ് എരിതേമറ്റോസിസ് (എസ്.എൽ.ഇ) എന്നത് ഓട്ടോ ഇമ്യൂൺ വിഭാഗത്തിൽ വരുന്ന മാരകമായ രോഗങ്ങളിൽ ഒന്നാണ്. നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി നൽകുന്ന ഘടകങ്ങൾ ശരീരത്തിന്റെ കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്.
പ്രതിരോധ ശക്തിയിലെ വ്യതിയാനമെന്നും ഇതിനെ പറയാം. സന്ധികൾ, ചർമം, വൃക്കകൾ, രക്തകോശങ്ങൾ, തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയുൾപ്പെടെ വിവിധ ശരീരവ്യവസ്ഥകളെ ഇത് ബാധിക്കും. ലൂപസ് രോഗവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ പരിപാടിയിൽ അവതരിപ്പിക്കും.
നൂതന ചികിത്സ രീതികളെ കുറിച്ചും മറ്റും പരിപാടിയിൽനിന്ന് മനസ്സിലാക്കാനും സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൺസൾട്ടന്റ് റുമാറ്റോളജിസ്റ്റ് ഡോ. അലി അൽ-ഷിറാവി, കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അസീല അൽ ഹർത്തിയ, സൈക്യാട്രിസ്റ്റ് നൂറ അൽ-അഖ്‌സ്മി തുടങ്ങിയ വിദഗ്ധ ഡോക്ടർമാർ രോഗത്തെയും മെച്ചപ്പെട്ട ജീവിത സമ്പ്രദായത്തെയും കുറിച്ച് സംസാരിക്കും. ഒമാനിലെ ലൂപസ് രോഗികൾ തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കും. ഷൈമ അൽ ഖുറൈഷി, ഹസ്‌ന അൽ ഹർത്തി, ബസ്മ അൽ സാദി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ലൂപസ് രോഗി കൂടിയായ മസാൻ അൽ റയ്‌സി, വാദാ അൽ ബുസൈദി എന്നിവരുൾപ്പെടെ നിരവധി ഒമാനി യുവതികളുടെ കൂട്ടായ്മമാണ് 'ലൂപസ് ഒമാൻ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.