സൗദിയുടെ 'ഇഹ്സാൻ ചാരിറ്റി'ക്ക് 10 ലക്ഷം റിയാൽ സംഭാവന നൽകി എം.എ. യൂസുഫ് അലി
text_fieldsറിയാദ്: സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ 'ഇഹ്സാൻ' ചാരിറ്റിക്ക് 10 ലക്ഷം റിയാൽ (ഉദേശം രണ്ട് കോടി രൂപ) സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫ് അലി. ജീവിതക്ലേശം അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റി വികസിപ്പിച്ച ഇഹ്സാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് സംഭാവന നൽകിയത്. ഇക്കാര്യം ഇഹ്സാൻ അധികൃതർ ഔദ്യോഗിക ട്വീറ്റർ ഹാൻഡിൽ വഴി വെളിപ്പെടുത്തി. ഇത്തരമൊരു ജീവകാരുണ്യ സംരംഭവുമായി കൈകോർത്തതിൽ അധികൃതർ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
റമദാനിൽ ആരംഭിച്ച ദേശീയ കാമ്പയിനിലൂടെ ഇതിനകം 200 കോടി റിയാൽ സമാഹരിച്ചുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവ് മൂന്ന് കോടി റിയാലും കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രണ്ട് കോടി റിയാലും സംഭാവന നൽകിയാണ് ദേശീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവരും അനാഥരും ആലംബഹീനരും രോഗികളും പ്രായാധിക്യമുള്ളവരും ആയിട്ടുള്ള 50 ലക്ഷം ആളുകൾക്ക് ഈ കാമ്പയിനിലൂടെ ഇതുവരെ സഹായമെത്തിച്ചു.
ജീവകാരുണ്യ പ്രവർത്തനം വിപുലപ്പെടുത്താനുള്ള സൗദി കിരീടാവകാശിയുടെ പ്രത്യേക താൽപ്പര്യത്തിന്‍റെ ഭാഗമാണ് കാമ്പയിൻ. ജനകീയ പങ്കാളിത്തത്തോടെയുള്ള സാമൂഹിക വികസനമെന്നതാണ് ഊന്നൽ. സമൂഹത്തിലെ എല്ലാ തുറയിലുമുള്ള അർഹരായ ആളുകൾക്ക് സംഭാവനകൾ നൽകാൻ ഇഹ്സാൻ പ്ലാറ്റ്ഫോമിൽ സൗകര്യമുണ്ട് എന്നതാണ് പ്രത്യേകത. രാജ്യവാസികളായ ആളുകൾക്കാണ് വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആയതിലേക്ക് സംഭാവന നൽകാൻ ഇതിൽ സൗകര്യമുണ്ട്.
നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുക, പ്രായമായവർക്ക് പരിചരണം നൽകുക, രോഗികളെ സഹായിക്കുക, അനാഥർക്ക് വിദ്യാഭ്യാസവും മറ്റ് പഠന സൗകര്യങ്ങളും നൽകുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്നത് 'ഇഹ്സാൻ' പ്ലാറ്റ്ഫോമിലൂടെ ഇപ്പോൾ ജനങ്ങൾക്ക് എളുപ്പമാണ്. ഡിജിറ്റലായി സുരക്ഷിതമായ രീതിയിൽ തങ്ങളുടെ സംഭാവനകൾ നൽകാനും അതിന്‍റെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനും വിലയിരുത്താനും ഇതിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.