'പ്രവാസ മുദ്ര' പുരസ്കാരം സ്വീകരിച്ച് എം. മുകുന്ദൻ
text_fieldsസൗദി മലയാളി സമാജം 'പ്രവാസ മുദ്ര' പുരസ്കാരം എം. മുകുന്ദൻഏറ്റുവാങ്ങുന്നുസൗദി മലയാളി സമാജം 'പ്രവാസ മുദ്ര' പുരസ്കാരം എം. മുകുന്ദൻഏറ്റുവാങ്ങുന്നുദമ്മാം: സൗദി മലയാളി സമാജം ഏർപ്പെടുത്തിയ 'പ്രവാസ മുദ്ര' പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകനും സംവിധായകനുമായ ഇ.എം. അഷ്റഫ് 'പ്രവാസി പ്രതിഭ' പുരസ്കാരവും ഏറ്റുവാങ്ങി. അരലക്ഷം രൂപയും പൊന്നാടയും ഫലകവുമടങ്ങുന്ന പുരസ്കാരം ദമ്മാമിൽ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. നാടുവിട്ടുപോയവന്റെ ജീവിതം പറഞ്ഞ 'പ്രവാസം' എന്ന നോവലിന് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അംഗീകാരമാണ് മലയാളി സമാജം നൽകിയതെന്നും ഇപ്പോഴും ഈ നോവൽ നന്നായി വിറ്റുപോകുകയാണെന്നും എം. മുകുന്ദൻ പറഞ്ഞു.
എഴുതി വർഷങ്ങൾ കടന്നിട്ടും ആ കൃതി വീണ്ടും ശ്രദ്ധിക്കപ്പെടാൻ ഈ അവാർഡ് കാരണമായെന്നും അത് എഴുത്തുകാരനുമേൽ പതിയുന്ന വെളിച്ചമാണെന്നാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചുറ്റുപാടുമുള്ള നോവുകളിൽനിന്ന് പിറക്കുന്ന എഴുത്തിനെയാണ് ഞാൻ 'നോവലു'കൾ എന്നു വിളിക്കുന്നത്. എഴുത്തിൽ ദേശവും മനുഷ്യനുമുണ്ടാകുമ്പോഴേ അത് സത്യസന്ധമായ എഴുത്തായി മാറുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസം ഇനിയും പറഞ്ഞുതീരാത്ത അക്ഷയഖനിയാണെന്ന് ഇ.എം. അഷ്റഫ് പറഞ്ഞു. താലപ്പൊലിയേന്തിയ കുട്ടികളാണ് തായമ്പകയുടെ അകമ്പടിയോടെ ഇരുവരേയും വേദിയിലേക്ക് ആനയിച്ചത്. സൗദി മലയാളി സമാജത്തിന്റെ ആമുഖ ഗാനത്തിന് 'വരലക്ഷ്മി' നൃത്തവിദ്യാലയത്തിലെ അധ്യാപിക ശിൽപ നൈസൽ ചിട്ടപ്പെടുത്തിയ കേരള നടനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. എഴുത്തുകാരൻ മൻസൂർ പള്ളൂരാണ് എം. മുകുന്ദന് 'പ്രവാസ മുദ്ര' പുരസ്കാരം കൈമാറിയത്. അഭിനേതാവും എഴുത്തുകാരനുമായ സുനീഷ് സാമുവൽ പൊന്നാട അണിയിച്ചു. ജേക്കബ് ഉതുപ്പ് കാഷ് അവാർഡ് സമ്മാനിച്ചു.
ഇ.എം. അഷ്റഫിന് ഫ്ലവേഴ്സ് ടിവി വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പുരസ്കാരം കൈമാറി. ജലീൽ കണ്ണമംഗലം പൊന്നാട അണിയിച്ചു. ഹബീബ് അമ്പാടൻ കാഷ് അവാർഡ് കൈമാറി. ചടങ്ങിൽ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. സാജിദ് ആറാട്ടുപുഴ പുരസ്കാര ജേതാക്കളെയും പുരസ്കാരത്തെയും പരിചയപ്പെടുത്തി. ഷനീബ് അബൂബക്കർ സ്വാഗതവും മുഷാൽ തഞ്ചേരി നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു, ഡോ. അമിത ബഷീർ, ഡോ. ഫ്രീസിയ ഹബീബ് എന്നിവർ അവതാരകരായിരുന്നു. കല്യാണി ബിനു പ്രാർഥനാഗാനം ആലപിച്ചു. ഖദീജ ഹബീബ്, നജ്മുന്നിസ വെങ്കിട്ട, ലീന ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ് താനൂർ, സരള ജേക്കബ്, സഹീർ മജ്ദാൽ, ഹമീദ് കണിച്ചാട്ടിൽ, ഷാജു അഞ്ചേരി, സുരേഷ് രാമന്തളി, അസ്ഹർ പുള്ളിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.