‘മബ്റൂക് ഗൾഫ് ടോപ്പേഴ്സ്’ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മീഡിയവൺ ആദരിക്കും
text_fieldsജിദ്ദ: സൗദിയിൽ 10, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇന്ത്യൻ വിദ്യാർഥികളെ മീഡിയവൺ ആദരിക്കുന്നു. കേരളത്തിലും ഗൾഫ് നാടുകളിലും നടന്നു വരുന്ന മീഡിയവണിന്റെ 'മബ്റൂക് ഗൾഫ് ടോപ്പേഴ്സ്' എന്ന പേരിലുള്ള പരിപാടി ഇതാദ്യമായാണ് സൗദിയിൽ വരുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർഥികളെയും കേരള സിലബസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരെയുമാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരം നൽകി ആദരിക്കുന്നത്. പരിപാടിയുടെ സൗദി ദേശീയതല ലോഗോ പ്രകാശനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് കോൺസുൽ ജനറൽ മുഹമ്മദ് അബ്ദുൽ ജലീൽ നിർവഹിച്ചു. മീഡിയവൺ സൗദി മാനേജർ അഹമ്മദ് റാഷിദ്, കോഓഡിനേഷൻ കമ്മിറ്റി സൗദി എക്സിക്യൂട്ടീവ് അംഗം നജ്മുദ്ദീൻ അമ്പലങ്ങാടൻ, ജിദ്ദ കമ്മിറ്റി സെക്രട്ടറി സാബിത്ത് സലീം, പ്രോഗ്രാം കമ്മിറ്റി അംഗം മുനീർ, മീഡിയവൺ സൗദി റീജനൽ മാനേജർ ഹസനുൽ ബന്ന, സൗദി റിപ്പോർട്ടർ അഫ്താബുറഹ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഒക്ടോബർ മാസം റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടികളിൽ വെച്ചായിരിക്കും ആദരിക്കൽ. പുരസ്കാരത്തിന് യോഗ്യരായ എല്ലാ വിദ്യാർഥികൾക്കും ഏതെങ്കിലുമൊരു നഗരത്തിലെ ചടങ്ങിൽ പങ്കെടുക്കാം. വിവിധ രംഗത്തെ പ്രമുഖരും അക്കാദമിക രംഗത്തുള്ളവരും ചടങ്ങിൽ പങ്കെടുക്കും. സൗജന്യ രജിസ്ട്രേഷൻ മുഖേനയായായിരിക്കും പ്രവേശനം. mabrooksaudi.mediaoneonline.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വിദ്യാർഥികളുടെ അസാന്നിധ്യത്തിൽ അവർക്കായി രക്ഷിതാക്കൾക്കും പുരസ്കാരം ഏറ്റുവാങ്ങാമെന്ന് മീഡിയവൺ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.