മക്ക ക്രെയിൻ അപകടം: മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി കേസ് അവസാനിപ്പിച്ചു
text_fieldsജിദ്ദ: നൂറോളം തീർഥാടകർ മരിക്കാൻ കാരണമായ 2015ലെ ഹജ്ജ് സമയത്ത് മക്ക മസ്ജിദുൽ ഹറാമിലുണ്ടായ ക്രെയിൻ അപകടക്കേസ് അവസാനിപ്പിച്ചു.
അപകടത്തിന് കാരണക്കാരെന്ന് കണ്ടെത്തുകയും പിന്നീട് കുറ്റമുക്തരാക്കുകയും ചെയ്ത മക്ക ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും ശരി വെച്ചതോടെയാണ് കേസിന് അവസാനമായത്. ഇതോടെ സൗദി ബിൻലാദൻ ഗ്രൂപ് ഉൾപ്പെടെ കേസിലെ 13 കക്ഷികളും കുറ്റമുക്തരായി. വിധി അന്തിമമാണ്. 2020 ഡിസംബറിൽ മക്കയിലെ ക്രിമിനൽ കോടതി മൂന്നാംതവണയും പുറപ്പെടുവിച്ച വിധിക്കപ്പുറം പുതുതായി ഒന്നും തന്നെ അപ്പീൽ കോടതിക്കും കണ്ടെത്താൻ സാധിച്ചില്ല.
2015 സെപ്റ്റംബർ 11 ഹജ്ജ് സീസൺ സമയത്ത് മസ്ജിദുൽ ഹറാം വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രെയിൻ തകർന്ന് മത്വാഫിലേക്ക് വീണായിരുന്നു അപകടം. അപകടത്തിൽ ഹജ്ജിനെത്തിയ വിദേശ തീർഥാടകരടക്കം 108 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെയുണ്ടായ ഒരു വിധിയിൽ അപകടത്തിന് കാരണമായ അശ്രദ്ധ കുറ്റം ചുമത്തിയ 13 പ്രതികളെയും 2017 ഒക്ടോബർ ഒന്നിന് ക്രിമിനൽ കോടതി നടത്തിയ വിധിയിൽ കുറ്റമുക്തരാക്കിയിരുന്നു. ക്രെയിൻ, ശരിയായതും സുരക്ഷിതവുമായ സ്ഥാനത്തായിരുന്നു സ്ഥാപിച്ചിരുന്നതെന്നും ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്തിട്ടുള്ള പ്രതികൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മനുഷ്യെൻറ പിഴവോ തെറ്റോ അല്ലാതെ കനത്തമഴയും ഇടിമിന്നലുമാണ് ദുരന്തത്തിന് കാരണമായതെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ, അറ്റോർണി ജനറൽ വിധിയെ എതിർക്കുകയും അതിനെതിരെ അപ്പീൽ നൽകുകയും ചെയ്തു.അപ്പീൽ കോടതി 2017 ഡിസംബറിലെ വിധിയിൽ ക്രിമിനൽ കോടതിയുടെ മുൻവിധി ശരിവെച്ചു. എന്നിരുന്നാലും കേസ് പുനഃപരിശോധിക്കാൻ അപ്പീൽ കോടതി ക്രിമിനൽ കോടതിക്ക് നിർദേശം നൽകി. അതനുസരിച്ച് ക്രെയിൻ തകർച്ചയുടെ മുഴുവൻ വശങ്ങളും പുനഃപരിശോധിച്ചശേഷം ക്രിമിനൽ കോടതി 2020 ഡിസംബർ എഴിന് മൂന്നാമത്തെ വിധിയും പുറപ്പെടുവിച്ചിരുന്നു.
ഈ വിധി അപ്പീൽ കോടതിയും ആവർത്തിച്ച് കേസിന് പരിസമാപ്തിയായി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരത്തുക ബിൻലാദൻ കമ്പനി വഹിക്കണമെന്ന അറ്റോർണി ജനറലിെൻറ ആവശ്യവും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.