ജമാൽ കൊച്ചങ്ങാടിക്ക് സ്വീകരണം നൽകി
text_fieldsമദീന: ഹ്രസ്വ സന്ദർശനത്തിന് മദീനയിലെത്തിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടിക്ക് പ്രവാസി വെൽഫെയർ മദീന മേഖല കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് അഷ്കർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ജമാൽ കൊച്ചങ്ങാടിക്കുള്ള പ്രവാസി വെൽഫെയറിന്റെ ഉപഹാരം എഴുത്തുകാരനും വാഗ്മിയുമായ ജഅ്ഫർ എളമ്പിലാക്കോട് നൽകി. കഥാകൃത്ത്, നാടക രചയിതാവ്, നോവലിസ്റ്റ്, വിവർത്തകൻ, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ജമാൽ കൊച്ചങ്ങാടി സമൂഹത്തിന് നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണെന്നും അവ എന്നും സ്മരിക്കപ്പെടുന്നത് തന്നെയാണെന്നും ജഅ്ഫർ എളമ്പിലാക്കോട് അദ്ദേഹത്തെ പരിചയപ്പെടുത്തിയുള്ള സംസാരത്തിൽ ചൂണ്ടിക്കാട്ടി.
മക്കയിലും മദീനയിലും വന്നെത്താൻ കഴിഞ്ഞതിലും ഇസ്‌ലാമിക ചരിത്ര പ്രദേശങ്ങളും പരിശുദ്ധ ഗേഹങ്ങളും സന്ദർശിച്ച് ചരിത്രം തൊട്ടറിയാൻ കഴിഞ്ഞതിലും ഏറെ ചാരിതാർഥ്യമുണ്ടെന്നും ജമാൽ കൊച്ചങ്ങാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. മദീനയിലെ പ്രവാസി വെൽഫെയർ നൽകിയ ഊഷ്‌മളമായ സ്വീകരണത്തിൽ ഏറെ കടപ്പാടും നന്ദിയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സദസ്യരുമായി അദ്ദേഹം സംവദിച്ചു. അദ്ദേഹത്തിന്റെ കൃതികളുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ നടന്നു. 'മക്കാ നഗരമേ കരയൂ' എന്ന അദ്ദേഹത്തിന്റെ ഗാനം ഗായിക തൻസീമ മൂസയും പ്രവാചകനെക്കുറിച്ചുള്ള ഗാനം മദീന മാപ്പിള കലാ അക്കാദമി ഗായകൻ അജ്‌മൽ മൂഴിക്കലും ചടങ്ങിൽ ആലപിച്ചു. ഹിദായത്തുല്ല പാലക്കാട് സ്വാഗതവും മൂസ മമ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.