മദീന വിമാനത്താവള വിപുലീകരണം: രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsമദീന: പുണ്യനഗരമായ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. 2027 അവസാനത്തോടെ വിമാനത്താവളത്തിന്റെ ശേഷി 1.7 കോടി യാത്രക്കാരായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന് ചെലവ് 1.2 ശതകോടി റിയാൽ കണക്കാക്കുന്നു. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസിർ, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലജ്, മേഖല വികസന അതോറിറ്റി സി.ഇ.ഒ എൻജി. ഫഹദ് ബിൻ മുഹമ്മദ് അൽ ബലൈഹിഷി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രതിവർഷം 80 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന നിലവിലെ ശേഷി ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. പാസഞ്ചർ ലോഞ്ച് വികസിപ്പിച്ച് അന്താരാഷ്ട്ര യാത്രക്കാർക്കുള്ളതാക്കി മാറ്റും. ഇതിന്റെ ശേഷി പ്രതിവർഷം 1.2 കോടി യാത്രക്കാരായി വർധിപ്പിക്കും. പ്രതിവർഷം 35 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ പാസഞ്ചർ ലോഞ്ച് ആഭ്യന്തര വിമാനങ്ങൾക്കായി നിർമിക്കും. കൂടാതെ പഴയ പാസഞ്ചർ ടെർമിനൽ പുനഃസ്ഥാപിക്കും. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി പുതിയൊരു അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിട നിർമാണവും പദ്ധതിയിലുൾപ്പെടും. മദീന വിമാനത്താവള വികസന വിപുലീകരണ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് സിവിൽ ഏവിയേഷൻ മേഖലയുടെ പുരോഗതിക്കും കാര്യക്ഷമത ഉയർത്തുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്നും ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസിർ വിശദീകരിച്ചു.
തീർഥാടകരുടെ അനുഭവം വർധിപ്പിക്കുക, സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുക, ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വികസനവും ടൂറിസം ലക്ഷ്യങ്ങളും കൈവരിക്കുക എന്നിവയാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മദീന ഒരു പ്രധാന വ്യോമയാന കേന്ദ്രവും തീർഥാടകർക്ക് അത്യന്താപേക്ഷിതമായ ലക്ഷ്യസ്ഥാനവും ആയതിനാൽ വിമാനത്താവളത്തിന് സുപ്രധാന സ്ഥാനമാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിമാനത്താവള വികസനം സംബന്ധിച്ച കരാറിൽ ത്വയ്ബ എയർപോർട്ട് ഡെവലപ്മെൻറ് കമ്പനി ചെയർമാൻ ഡോ. ഇബ്രാഹിം ബിൻ സുലൈമാൻ അൽറാജിഹി, ‘ടാവ്’ കൺസ്ട്രക്ഷൻ കമ്പനി ചെയർമാൻ ഡോ. മുസ്തഫ സാനി സനീർ എന്നിവർ ഗവർണറുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. മദീന വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡിലിങ് സർവിസ് വിപുലീകരണവുമായി ബന്ധപ്പെട്ട കരാർ സൗദി എയർലൈൻസും ത്വയ്ബ എയർപോർട്ട് ഓപറേറ്റിങ് കമ്പനിയും തമ്മിൽ ഒപ്പുവെച്ചു.
ബി.ഒ.ടി രീതിയിൽ 2012 മുതൽ പൂർണമായും സ്വകാര്യ കമ്പനികളാൽ നിർമിക്കുകയും ഓപറേറ്റ് ചെയ്യാവുന്നതുമായ രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാണ് മദീനയിലേത്. ലോകത്തെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ 52ാം റാങ്കുണ്ട്. 2021ലും 2022ലും മധ്യപൂർവേഷ്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ നിരവധി അന്താരാഷ്ട്ര, പ്രാദേശിക അവാർഡുകളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.