‘മദീന ഗേറ്റ്’ പദ്ധതി ഉദ്ഘാടനം ചെയ്തു; 600 ദശലക്ഷം റിയാൽ മുതൽ മുടക്കിൽ വമ്പൻ ടൗൺഷിപ്
text_fieldsമദീന: പുണ്യനഗരത്തിലെ നിർദിഷ്ട വികസനപദ്ധതിയായ ‘നോളജ് ഇക്കണോമിക് സിറ്റി’യിലെ മദീന ഗേറ്റ് പദ്ധതി മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു.
‘ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. 600 ദശലക്ഷം റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന വമ്പൻ ടൗൺഷിപ്പാണിത്. മക്ക, മദീന പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ എക്സ്പ്രസ് റെയിൽവേയിലെ മദീന സ്റ്റേഷനോട് ചേർന്നാണ് ഈ ടൗൺഷിപ്.
വിവിധതരം ഷോപ്പുകൾ, ഹോട്ടലുകൾ, റസ്റ്റാറന്റുകൾ എല്ലാം ഇതിനുള്ളിലുണ്ടാവും. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമാണം നടക്കുക. ഹിൽട്ടൺ ഹോട്ടൽ ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര ഹോട്ടലുകൾ ഇതിലുണ്ടാവും.
ആകെ 325 ഹോട്ടൽ മുറികൾ, 80 റീട്ടെയിൽ സ്റ്റോറുകൾ, 44 റസ്റ്റാറന്റുകൾ, വിനോദ സൗകര്യങ്ങൾ, പ്രതിദിനം 780 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ആധുനിക ബസ് സ്റ്റേഷൻ എന്നിവയാണ് പദ്ധതിയിലുള്ളത്. 22,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ ആവശ്യക്കാർക്ക് വാടകക്ക് നൽകാൻ ഉതകുന്ന സൗകര്യങ്ങളുമുണ്ടാവും. ഹോസ്പിറ്റാലിറ്റി, ഗതാഗതം, ഷോപ്പിങ് മേഖലകൾ എന്നിവ സംയോജിപ്പിച്ച് ടൗൺഷിപ് വികസിപ്പിക്കുന്നതിനായി ഒരു പ്രത്യേക അന്താരാഷ്ട്ര കൺസൾട്ടൻറാണ് പദ്ധതി രൂപകൽപന ചെയ്തത്.
മദീന ഗേറ്റ് പദ്ധതി സവിശേഷമായ റിയൽ എസ്റ്റേറ്റ് വികസനമായും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ മദീനയുടെ സ്ഥാനം ഉയർത്താൻ ലക്ഷ്യമിടുന്ന ഒരു തന്ത്രപരമായ ചുവടുവെപ്പായും കണക്കാക്കുന്നുവെന്ന് നോളജ് ഇക്കണോമിക് സിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അമീൻ ബിൻ മുഹമ്മദ് ശാകിർ പറഞ്ഞു. സംയോജിത അടിസ്ഥാന സൗകര്യങ്ങളിലൂടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഇത് സംഭാവന ചെയ്യും.
സൗദി റെയിൽവേ കമ്പനിയും (എസ്.എ.ആർ) നോളജ് ഇക്കണോമിക് സിറ്റി കമ്പനിയും തമ്മിലെ സഹകരണത്തിന്റെ ഫലമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ പ്രോജക്ടാണിത്. മദീനയിലെത്തുന്ന സന്ദർശകർക്ക് ആതിഥ്യം, പാർപ്പിടം, വിനോദം, ഷോപ്പിങ്, സാംസ്കാരികം തുടങ്ങിയ കാര്യങ്ങളിൽ സേവനമൊരുക്കുന്നതിനായുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെ ഇത് സഹായിക്കുന്നുവെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.