മദീന ഗവർണർ ഖുർആൻ അച്ചടി കേന്ദ്രം സന്ദർശിച്ചു
text_fieldsമദീന: മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് കോംപ്ലക്സ് സന്ദർശിച്ചു. കോംപ്ലക്സ് സെക്രട്ടറി ജനറൽ ആത്വിഫ് ബിൻ ഇബ്രാഹിം അൽ ഒലായന്റെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. സമുച്ചയത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഗവർണർ കണ്ടു.
കൂടാതെ ഖുർആൻ അച്ചടിക്കുന്നതിലും അതിന്റെ വിവർത്തനങ്ങളിലും കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻററിയുടെ അവതരണം കാണുകയുണ്ടായി.
ഖുർആനെ പരിപാലിക്കുന്നതിൽ നാല് പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിനിടയിൽ അന്താരാഷ്ട്ര, പ്രാദേശിക എക്സിബിഷനുകളിലും കോൺഫറൻസുകളിലും പങ്കെടുത്തപ്പോൾ ലഭിച്ച പ്രാദേശികവും അന്തർദേശീയവുമായ അവാർഡുകളും ഗവർണർ അവലോകനം ചെയ്തു. കോംപ്ലക്സിലെ സേവനങ്ങൾ, വിതരണം ചെയ്ത ഖുർആൻ കോപ്പികളുടെ എണ്ണം, സമുച്ചയം നടപ്പാക്കുന്ന പദ്ധതികൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയുണ്ടായി. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഖുർആനും പ്രവാചകചര്യ സംരക്ഷിക്കുന്നതിനും പ്രിൻറിങ് സമുച്ചയത്തിന് നൽകിവരുന്ന പിന്തുണയും താൽപര്യവും മദീന ഗവർണർ എടുത്തുപറഞ്ഞു. ലോകമെമ്പാടും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിൽ കോംപ്ലക്സ് വഹിച്ച പങ്കിനെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.