മദീന ചരിത്രകേന്ദ്രങ്ങൾ: തുറന്ന ബസ് സർവിസുകൾ വർധിപ്പിച്ചു
text_fieldsമദീന: മദീനയിലെ ചരിത്രകേന്ദ്രങ്ങൾ സന്ദർശിക്കാൻ തുറന്ന ബസ് സർവിസുകളുടെ എണ്ണം വർധിപ്പിച്ചു. സൗദി സ്കൂളുകളിലെ സെമസ്റ്റർ അവധിയോടെ തീർഥാടകരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് വിപുലീകരണം. ഇരട്ട നിലയുള്ള ബസുകളിൽ മദീനയിലെ 10 പ്രധാന കേന്ദ്രങ്ങളിലേക്കാണ് സർവിസ്. പ്രവാചകനുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്കും പുരാവസ്തു കേന്ദ്രങ്ങളിലേക്കും തുടങ്ങിയതാണ് 'സൈറ്റ് സീയിങ് മദീന' എന്ന പേരിെല സർവിസുകൾ. ഇരട്ടനിലയുള്ള ബസിൽ മദീന നഗരത്തിലൂടെ പ്രധാനപ്പെട്ട 10 ചരിത്ര സ്ഥലങ്ങളിലേക്കാണ് യാത്രയുണ്ടാവുക.
രണ്ടു മണിക്കൂറാണ് ദൈർഘ്യം. ഇതിനിടയിൽ രണ്ടു ഷോപ്പിങ് സെൻററുകളിലും വിശ്രമത്തിന് നിർത്തും. ഇരട്ടനില ടൂറിസ്റ്റ് ബസുകളിൽ മുതിർന്നവർക്ക് 80 റിയാലാണ് ടിക്കറ്റ് നിരക്ക്. അഞ്ചിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 40 റിയാൽ, രണ്ടു കുട്ടികളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 200 റിയാൽ എന്നിങ്ങനെയും പാക്കേജുണ്ട്. 24 മണിക്കൂറാണ് ടിക്കറ്റ് കാലാവധി. ഇതിനിടയിൽ ഏതു ബസിലും കയറാം. നിലവിൽ രാവിലെ അഞ്ചു മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് നാലു മുതൽ രാത്രി 12 വരെയുമാണ് സർവിസുകൾ. ആഭ്യന്തര ടൂറിസം സജീവമാക്കുകയും മദീനയിലെ ചരിത്രപ്രധാന സ്ഥലങ്ങൾക്കിടയിലെ യാത്ര എളുപ്പമാക്കുകയും ആളുകൾക്ക് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളിലായാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.