ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ മദ്റസ പാരന്റിങ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന് (മദീന റോഡ്) കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്റസ പാരന്റിങ് പരിപാടി സംഘടിപ്പിച്ചു. 'ഫെയ്സ് ടു ഫെയ്സ് ഇഫക്റ്റിവ് പാരന്റിങ്' സെഷനിൽ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഇസ്മായിൽ മരിതേരി രക്ഷിതാക്കളുമായി സംവദിച്ചു.
അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ശിക്ഷണത്തിൽ സ്വീകരിച്ചുവരുന്ന പാരമ്പര്യമായ ആജ്ഞാരീതികളിൽനിന്ന് ഭിന്നമായി കുട്ടികൾക്ക് മടുപ്പുളവാക്കാത്തതും താൽപര്യം ജനിപ്പിക്കുന്നതുമായ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അവർക്ക് ഉണർവും ഉത്സാഹവും ഉണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓൺലൈൻ പഠനം ഓഫ്ലൈനിലേക്ക് മാറുമ്പോൾ കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുകയെന്നത് അധ്യാപകർക്കു മാത്രമല്ല രക്ഷിതാക്കൾക്കും ഏറെ ശ്രമകരമായ കാര്യമാണ്.
കുട്ടികൾ വിദ്യാലയങ്ങളിൽനിന്ന് നേടുന്നത് ജ്ഞാനങ്ങൾ മാത്രമല്ല കർമങ്ങൾ കൂടിയാണ്. അധ്യാപകരിൽ കാണുന്ന ഓരോ ചലനവും അവർ ഒപ്പിയെടുക്കുകയും അതിലെ ശരിതെറ്റുകൾ വേർതിരിക്കാതെ സ്വഭാവരൂപവത്കരണത്തിന് കാരണമായിത്തീരുകയും ചെയ്യും. വീടകങ്ങളിൽ രക്ഷിതാക്കളും ഇത് ശ്രദ്ധിക്കേണ്ടതാണ്. കുടുംബജീവിതത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന തർക്കവിതർക്കങ്ങൾ കുട്ടികളുടെ മനഃസംഘർഷങ്ങളെ വർധിപ്പിക്കുമെന്നതിനാൽ അവരുടെ സാന്നിധ്യത്തിലെങ്കിലും അവയൊക്കെ മറച്ചുവെക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് സലഫി സ്വാഗതവും അമീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.