മിമിക്രി ഒരുതരം തോന്നിപ്പിക്കലിന്റെ കലയാണ് -മഹേഷ് കുഞ്ഞുമോന്
text_fieldsജിദ്ദ: മിമിക്രിയെന്ന കലയിലേക്ക് കടന്നുവരാന്‍ പ്രചോദനമായത് സ്വന്തം സഹോദരന് എ.കെ. അജേഷാണെന്നും അദ്ദേഹത്തിന്റെ മാര്‍ഗനിർദേശങ്ങള്‍ തന്റെ വളര്‍ച്ചയില്‍ നിർണായക പങ്കുവഹിച്ചെന്നും അനുകരണ കലയിലെ പ്രതിഭാശാലി മഹേഷ് കുഞ്ഞുമോന്. ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിച്ച ‘ഹാര്‍മോണിയസ് കേരള’യില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ തനിക്ക് ഈ കലയില്‍ അഭിരുചിയുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതിഭാശാലിയായ ജ്യേഷ്ഠന്റെ പ്രോത്സാഹനവും പരിശീലനവും കൊണ്ടാണ് അത് വളർത്തിയെടുക്കാൻ കഴിഞ്ഞത്.
സംസ്ഥാന പോളിടെക്നിക് കലോത്സവ മത്സരത്തില്‍ സമ്മാനം ലഭിച്ചതോടെ ഈ രംഗത്ത് ചുവടുറപ്പിക്കാനുള്ള ആത്മവിശ്വാസം വര്‍ധിച്ചു. അത്തരം പരിപാടികള്‍ കണ്ട് കൂടുതല്‍ കഴിവ് ആർജിക്കുകയും ചെയ്തു. കോവിഡ് കാലത്ത് പത്തിലേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ശബ്ദാനുകരണം വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു.
യുട്യൂബ് ചാനലിലും സജീവമായി. തുടര്‍ന്ന് കൂടുതല്‍ സ്റ്റേജ് പരിപാടികള്‍ക്ക് അവസരം ലഭിച്ചു. സിനിമയില്‍ ഡബ്ബിങ് ചെയ്തു. അനില്‍ നെടുമങ്ങാടിന്റെ ആകസ്മിക വിയോഗത്തെ തുടർന്ന് അദ്ദേഹം അഭിനയിച്ച് പൂർത്തിയാകാത്ത സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകാൻ അവസരം ലഭിച്ചു.
മിമിക്രി ഒരുതരം തോന്നിപ്പിക്കലിന്റെ കല മാത്രമാണ്. ഒരിക്കലും അത് ഒറിജിനല്‍ അല്ല. ആർക്കും അരെയും അങ്ങനെ നൂറുശതമാനവും ഒറിജിനലായി അനുകരിക്കാനാവില്ല.
ശബ്ദം കേൾക്കുമ്പോഴൊ വേഷം കാണുമ്പോഴൊ അതേപോലെ തന്നെയുണ്ടല്ലോ എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കുക മാത്രമാണ് ഒരു മിമിക്രി കലാകാരൻ ചെയ്യുന്നത്. അതുകൊണ്ട് ഒറിജിനലിനെ വെല്ലുന്ന അനുകരണം എന്ന പ്രയോഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മഹേഷ് ചൂണ്ടിക്കാട്ടി.
വലിയ വെല്ലുവിളികളുള്ള മേഖലയാണിത്. നിരന്തരമായി മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. ആളുകളുടെ കമൻറുകള്‍ കാര്യമാക്കാറില്ല. ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളും. ജിദ്ദയില്‍ ആദ്യമായിട്ടാണ് വരുന്നതെന്നും ഗള്‍ഫ് മാധ്യമത്തിന്റെ രണ്ടാമത്തെ പരിപാടിയിലാണ് പങ്കെടുക്കുന്നതെന്നും സന്തോഷമുണ്ടെന്നും മഹേഷ് പറഞ്ഞു.
ദമ്മാം, ദുബൈ, സ്വിറ്റ്സര്‍ലൻഡ്, തായ്ലൻഡ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ ഇതിനകം പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും മഹേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.