‘മൈത്രീയം 24’ വെള്ളിയാഴ്ച ഇന്ത്യൻ കോൺസുലേറ്റിൽ
text_fieldsജിദ്ദ: കലാ, സാംസ്കാരിക, കായിക മികവിലും സാമൂഹിക ഇടപെടലിലുകളിലൂടെയും രണ്ടര പ്പതിറ്റാണ്ടിലധികം പിന്നിട്ട ജിദ്ദയിലെ മൈത്രി കലാ, സാംസ്കാരിക സംഘടനയുടെ 28ാം വാർഷികാഘോഷം നവംബർ 15ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘മൈത്രീയം 24’ എന്ന പേരിൽ നടക്കുന്ന ആഘോഷ പരിപാടികൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൈകീട്ട് അഞ്ച് മുതൽ ആരംഭിക്കും. മലയാള സംഗീതരംഗത്തെ പുതു ഗായകരായ അതുൽ നറുകര, ഷിനോ പോൾ, ശെയ്ഖ അബ്ദുല്ല എന്നിവർ അതിഥികളായ സംഗീത വിരുന്നാണ് മുഖ്യആകർഷകം. മൈത്രിയുടെ 60 ലേറെ കലാകാരന്മാർ കലാവിരുന്നുമായി അരങ്ങിലെത്തും.
ജിദ്ദയിലെ കലാ, സാംസ്കാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകുന്ന വ്യക്തിത്വങ്ങൾക്കുള്ള ആദരവുമുണ്ട്. ഇപ്രാവശ്യം മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജീവകാരുണ്യം), ഡോ. വിനീത പിള്ള (ആരോഗ്യം), സന്തോഷ് ജി നായർ, നജീബ് വെഞ്ഞാറമൂട് (കലാ, സാംസ്കാരികം) എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവരെ ആഘോഷ വേദിയിൽ വെച്ച് ആദരിക്കും. പഠന മികവിനുള്ള അംഗീകാരമായി പത്ത്, പന്ത്രണ്ട് ക്ലാസുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർക്കും സഹായം നൽകി. മൈത്രി അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കും സംഘടന സഹായം എത്തിച്ചു. വിശേഷാവസരങ്ങളിലെല്ലാം മൈത്രി പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ആരോഗ്യരംഗത്ത് വിവിധ ബോധവത്കരണ ക്ലാസുകൾ, സാമൂഹിക വിപത്തുകൾക്കെതിരെയും, കുടുംബ ബന്ധങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള അവബോധ ക്ലാസുകൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾചറൽ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.