വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി തബൂക്കിലെ 'മഖ്ന'
text_fieldsതബൂക്ക്: സൗദിയിലെ വടക്കു ഭാഗത്തെ ഏറ്റവും മനോഹരമായ തീരദേശ നഗരമാണ് തബൂക്കിലെ മഖ്ന. അഖബ ഉൾക്കടലിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള അൽ ബിദ നഗരത്തിന് പടിഞ്ഞാറ് ഹഖ്ൽ നഗരത്തിനും റഅ'സ് അൽ ശൈഖ് ഹമദിനും ഇടയിലാണ് ഈ മനോഹരമായ പ്രദേശം. അൽ ബിദയിൽനിന്ന് 25 കിലോമീറ്റർ ദൂരമാണ് മഖ്നയിലേക്ക്. വളഞ്ഞുപുളഞ്ഞ് കയറ്റവും ഇറക്കവുമായി നിറഭേദങ്ങളിലുള്ള മലമടക്കുകൾക്കിടയിലൂടെ അങ്ങോട്ടുള്ള യാത്രതന്നെ ഏറെ ഹൃദ്യത പകർന്നുതരും.
കുന്നിെൻറ മുകളിലേക്ക് കയറി കുത്തനെ താഴേക്കിറങ്ങുന്ന റോഡാണിവിടെയുള്ളത്. സഞ്ചരിക്കുന്ന പാത നേരേ കടലിെൻറ മാറിലേക്കാണോ എന്ന് തോന്നിപ്പോകുന്ന യാത്ര ഏറെ അവാച്യമാണ്. കുളിർമയേകുന്ന കാലാവസ്ഥയും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ കഴിയുന്നതുമായ മഖ്ന ബീച്ചിലേക്ക് അവധി ദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കാണ്. നീലവർണം ജലത്തിലൊഴിച്ചാലെന്നപോലെ കടും നീല നിറത്തിൽ കണ്ണാടിപോലെ തെളിമയാർന്ന കടൽതീരങ്ങൾക്ക് അൽപമകലെ വിചിത്രകാരികളായ പർവത മുത്തശ്ശൻമാർ ഇവിടത്തെ ഭൂമികയെ ഏറെ നയനാനന്ദകരമാക്കുന്നു. സൗദിയിലെ ചെങ്കടൽ തീരത്തൊന്നും കാണാത്ത അടിച്ചു വീശുന്ന തിരമാല ഈ കടൽ തീരത്ത് നമുക്ക് കാണാം. മഖ്നയിലെ വർണാഭമായ പവിഴ ദ്വീപുകൾ ചരിത്രത്തിൽ ഇടം പിടിച്ച ഒന്നുകൂടിയാണ്.
ചെങ്കടൽ തീരത്തെ പുരാതനമായ തീര ഗ്രാമങ്ങളിൽ ഒന്നാണ് മഖ്ന. പൂർണമായും മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്ന ജനതയാണിവിടെ. ഇവിടത്തെ കടൽഭാഗങ്ങളിൽ മാത്രം കാണുന്ന വിവിധതരം മത്സ്യങ്ങൾ അപ്പോൾതന്നെ പാകം ചെയ്തു തരുന്ന ഹോട്ടലുകൾ ജങ്ഷനിലുണ്ട്. കുളിയിടങ്ങളും പാർക്കുകളും കുടുംബങ്ങളെ ഇങ്ങോട്ട് കൂടുതൽ ആശ്രയിക്കുന്ന ഘടകങ്ങളാണ്.
പ്രകൃതി കാഴ്ച ആസ്വദിക്കാൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതുപോലെ ചരിത്ര പ്രേമികളെയും ഇങ്ങോട്ട് ആനയിക്കുന്നുണ്ട്. മഖ്നയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അൽ ഹവായിഷ പർവത നിരകളിൽനിന്ന് ധാരാളം പുരാവസ്തുശേഖരങ്ങൾ കണ്ടെത്തിയതായി അറബ് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നബാതിയൻ നാഗരികതയുടെ അവശിഷ്ടങ്ങൾ ആണിതെന്നും പുരാവസ്തു ഗവേഷകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഖ്നയിലെ 'ഐൻ മൂസ' എന്ന പേരിലറിയപ്പെടുന്ന പ്രദേശം കാണാനും സന്ദർശകർ ധാരാളം എത്തുന്നുണ്ട്. പ്രവാചകൻ മൂസയുടെ സഞ്ചാരവഴിയിൽപെട്ട ഒന്നാണ് ഇവിടം എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയതായി കാണുന്നില്ലെങ്കിലും ഇവിടത്തെ ഉറവ മൂസ പ്രവാചകെൻറ പേരിൽ അറിയപ്പെടുന്നു. ഭൂമിയുടെ മേൽ ഭാഗത്തുനിന്നുള്ള തെളിനീർ ഉറവകളാണ് ഇവിടത്തെ വേറിട്ട ആകർഷകം. ചുറ്റുപാടുകൾ ഈന്തപ്പന മരങ്ങൾ നിബിഡമായ പ്രദേശത്തെ വശ്യമായ ഹരിതാഭമായ കാഴ്ചകൾ അത്യാകർഷകമാണ്. ഈ ഭാഗത്ത് പലഭാഗങ്ങളിൽനിന്നായി തടസ്സമില്ലാതെ ഉപരി തലത്തിലേക്ക് ഉറവകൾ പൊട്ടിയൊഴുകുന്ന കാഴ്ചയാണ് സന്ദർശകരെ വിസ്മയിപ്പിക്കുന്നത്.
ശുദ്ധജലത്തിെൻറ സ്ഥിരമായ ഒരു സ്രോതസ്സായി ഈ പ്രദേശം നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ചരിത്രത്തിൽ ഇടംപിടിച്ചതായി പറയപ്പെടുന്നു. ഇന്നും അതിെൻറ തന്മയത്വം നിലനിർത്തി അധികൃതർ സംരക്ഷിച്ചു വരുകയാണ്. നാട്ടിലെ ചെറു അരുവികളെ ഓർമപ്പെടുത്തുന്ന ഈ ശുദ്ധജല ഉറവ് നിൽക്കുന്ന പ്രദേശത്തിന് 'എലീം' എന്നും പേരുപറയുന്നവരുണ്ട്. ബൈബിളിൽ പരാമർശിക്കുന്ന മോസസ് പ്രവാചകെൻറ പന്ത്രണ്ടു നീരുറവും എഴുപത് ഈന്തപ്പനകളും ഉള്ള എലീം പ്രദേശം ഇതാണ് എന്ന് വിശ്വസിച്ച് ഇവിടെ പ്രത്യേകം സന്ദർശിക്കുന്ന വിദേശികളുണ്ട്.
കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള കുന്നുകൾ നിരയായി നിൽക്കുന്ന അപൂർവ കാഴ്ചകൾ ഇവിടെ കാണാം. മഖ്നയുടെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കൃഷിത്തോട്ടങ്ങൾ ഹരിതകാന്തിയുടെ വേറിട്ട ദൃശ്യങ്ങൾ സമ്മാനിക്കുന്നവയാണ്. മഖ്ന ബീച്ചിൽനിന്ന് അൽപമകലെ 'ത്വീബ് ഇസ്മ്' എന്ന പേരിലറിയപ്പെടുന്ന സ്ഥലവും സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കേന്ദ്രമാണ്. പർവതം രണ്ടായി പിളർന്ന് അതിലൂടെ ഒരു വഴി രൂപപ്പെട്ട സ്ഥലമാണിതെന്ന് വിശ്വസിക്കുന്നു ചിലർ. ഭീമൻ പർവതം പിളർന്ന വിസ്മയം കാണാൻ സഞ്ചാരികൾക്ക് ഇവിടെ അധികൃതർ പ്രത്യേകം പാതയൊരുക്കിയിട്ടുണ്ട്. ഏതാണ്ട് 25 മീറ്റർ വീതിയിൽ കിലോമീറ്ററോളം നീളുന്നു ഈ പാത.
70 മീറ്റർ മുതൽ 100 മീറ്ററിലധികം വരെ ഉയരമുണ്ട് ഈ മലയിടുക്കിന്. സഞ്ചാരികൾക്കായി മരം കൊണ്ടുള്ള ഒരു മേൽപാലവും ഇവിടെ നിർമിച്ചിരിക്കുന്നു. നിയോം ടൂറിസ വികസന പദ്ധതിയിൽ 'ത്വീബ് ഇസ്മ്' പ്രത്യേകം ഉൾപ്പെടുത്തി ഇപ്പോൾ ഇവിടെ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്. അതിനാൽതന്നെ സന്ദർശകർക്കുള്ള താൽക്കാലിക നിയന്ത്രണവും ഇവിടെ ഏർപ്പെടുത്തിയിരി ക്കുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.