കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി
text_fieldsജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി. സൽമാൻ രാജാവിന് വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ മേൽനോട്ടത്തിലാണ് കഅ്ബ കഴുകൽ ചടങ്ങ് നടന്നത്. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയായത്. ചടങ്ങിന് മുമ്പ് കഅ്ബക്ക് ചുറ്റും അണുമുക്തമാക്കുന്നതടമുള്ള ശുചീകരണ ജോലികൾ ഇരുഹറം കാര്യാലയത്തിന് കീഴിലെ ശുചീകരണ തൊഴിലാളികൾ പൂർത്തിയാക്കിയിരുന്നു.
മസ്ജിദുൽ ഹറാമിലെത്തിയ മക്ക ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വീകരിച്ചു. കഅ്ബക്കകത്ത് കടന്ന ഗവർണർ റോസ് വാട്ടർ കലർത്തിയ സംസം വെള്ളത്തിൽ മുക്കിയ തുണിക്കഷണങ്ങൾ ഉപയോഗിച്ച് കഅ്ബയുടെ ചുവരുകൾ കഴുകി. ശേഷം ത്വവാഫ് ചെയ്തു. ഇരുഹറം കാര്യാലയമേധാവിയും ഗവർണറെ അനുഗമിച്ചിരുന്നു.
ചടങ്ങിനൊടുവിൽ കഅ്ബ കഴുകൽ സ്മരണക്കായുള്ള ഉപഹാരം ഇരുഹറം കാര്യാലയ മേധാവി ഗവർണർക്ക് നൽകി. അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ഇന്നുവരെ മക്ക, മദീന ഹറമുകൾ സംരക്ഷിക്കുന്നതിന് സൗദി ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകിവരുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. മുസ്ലിംകളുടെയും ഇസ്ലാമിെൻറയും കാര്യങ്ങളിൽ ഭരണകൂടം അതീവ ശ്രദ്ധയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുഹറമുകളുടെ പരിപാലനം രാജ്യത്തിെൻറ സവിശേഷതയാണെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കഅ്ബ കഴുകൽ ചടങ്ങിന് വളരെ കുറച്ച് ആളുകളാണ് പെങ്കടുത്തത്. സാധാരണ വിവിധ രാജ്യങ്ങളുടെ പ്രതിധിനികളും വിശിഷ്ടാതിഥികളുമൊക്കെ ചടങ്ങിനുണ്ടാകാറുണ്ട്. എന്നാൽ, ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇരുഹറം കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷ ജീവനക്കാരും മാത്രമേ കഅ്ബ കഴുകൽ ചടങ്ങിന് സന്നിഹിതരായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.