മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 16 നിയമലംഘകരെ ശിക്ഷിച്ചു
text_fieldsമക്ക: അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 16 നിയമലംഘകർക്ക് 10,000 റിയാൽ വീതം പിഴ ചുമത്തിയതായി പൊതുസുരക്ഷ വക്താവ് പറഞ്ഞു. ദുൽഹജ്ജ് 28 മുതലാണ് അനുമതിപത്രമില്ലാത്തവർ പുണ്യസ്ഥലങ്ങളിലേക്ക് കടക്കുന്നത് തടയാൻ പരിശോധന ആരംഭിച്ചത്. കോവിഡ് വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികളും ഇൗ വർഷത്തെ ഹജ്ജ് നിർദേശങ്ങളും ലംഘിക്കുന്നവർക്കുള്ള ശിക്ഷാവിധിയായും പുറപ്പെടുവിച്ച രാജകൽപനയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. പൗരന്മാരും താമസക്കാരും ഹജ്ജ് നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും സുരക്ഷ വക്താവ് ആവശ്യപ്പെട്ടു.
നിർദേശങ്ങൾ നടപ്പാക്കാനും അവ ലംഘിക്കുന്നവരെ പിടികൂടാനും ശക്തമായ സുരക്ഷ നിരീക്ഷണമുണ്ടെന്നും വക്താവ് പറഞ്ഞു. ഹജ്ജിെൻറ ദിനങ്ങൾ അടുത്തതോടെ അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയാനുള്ള ചെക്ക് പോയൻറുകളുടെ എണ്ണം 62 ആയി. മിന, മുസ്ദലിഫ, അറഫ എന്നീ മുന്നു മശാഇറുകൾക്ക് ചുറ്റുമാണ് ഇത്രയും ചെക്ക് പോയൻറുകൾ ഒരുക്കിയതെന്ന് ട്രാഫിക് വകുപ്പ് ചെക്ക് പോയൻറ് കമാൻഡർ ജനറൽ ത്വാരിഖ് അൽറുബൈയാൻ പറഞ്ഞു. അനുമതി പത്രമില്ലാത്ത വാഹനങ്ങളെയും വ്യക്തികളെയും തടയും. ചെക്ക് പോയൻറുകളിലെ ഉദ്യോഗസ്ഥർ ആരോഗ്യസുരക്ഷ പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.