റമദാൻ അവസാന 10ൽ മക്കയിലും മദീനയിലും പ്രാർഥനക്ക് അനുമതി വേണ്ട
text_fieldsറിയാദ്: റമദാനിലെ അവസാന 10 ദിനങ്ങളിൽ മക്ക, മദീന ഹറമുകളിൽ രാത്രി നമസ്കാരത്തിലും (തറാവീഹ്) പ്രാർഥനയിലും പങ്കെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള ഗുണഭോക്തൃ സേവന വിഭാഗം ട്വിറ്ററിൽ അന്വേഷണങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ആരാധനക്കെത്തുന്നവർക്ക് കോവിഡ് ബാധയോ രോഗിയുമായി സമ്പർക്കമോ ഇല്ലെന്ന ഉറപ്പിൽ രണ്ടു വിശുദ്ധ മസ്ജിദുകളിൽ പ്രാർഥന നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അതേസമയം, ഉംറ നിർവഹിക്കുന്നതിനോ റൗദ ശരീഫ് സന്ദർശിക്കുന്നതിനോ അനുമതി നിർബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം വെളിപ്പെടുത്തി. വൈറസ് ബാധ ഇല്ലാത്തവർക്ക് ‘നുസുക്’ അല്ലെങ്കിൽ ‘തവക്കൽനാ’ ആപ്ലിക്കേഷനുകൾ വഴി ഇതിനുള്ള അനുമതി കരസ്ഥമാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉംറ നിർവഹിക്കുന്നതിന് ആവശ്യമായ അനുമതികൾ യഥാവിധി നേടിയിരിക്കണമെന്നും ഇത് തീർഥാടനത്തിന്റെ സുഗമമായ നിർവഹണത്തിന് അനിവാര്യമാണെന്നും ലഫ്. ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ഉംറ അനുമതികൾ ലഭ്യമാണെന്നും മത്വാഫിലടക്കം തീർഥാടകർക്ക് വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രദമായ രോഗപ്രതിരോധ നടപടിയെന്ന നിലക്ക് തീർഥാടകരും പ്രാർഥനക്കെത്തുന്നവരും മാസ്ക് ധരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.