പുണ്യസ്ഥലങ്ങളിലെ ഒരുക്കം മക്ക ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു
text_fieldsഹജ്ജ് പുണ്യസ്ഥലങ്ങളിലെ ഒരുക്കം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ
പരിശോധിക്കുന്നു
ജിദ്ദ: പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ ഹജ്ജ് ഒരുക്കം മക്ക ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ അമീർ ബദ്ർ ബിൻ സുൽത്താൻ പരിശോധിച്ചു.
ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽ ജാസർ, ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ, മുനിസിപ്പൽ, ഗ്രാമകാര്യ, ഹൗസിങ് മന്ത്രി മാജിദ് അൽഹുഖൈൽ, ഹജ്ജ് സേവന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചിരുന്നു. പുണ്യസ്ഥലങ്ങളിൽ ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
സന്ദർശനത്തിനിടെ പുണ്യസ്ഥലങ്ങളിൽ നടപ്പാക്കിയ നിരവധി വികസന പദ്ധതികളും തീർഥാടകരുടെ താമസത്തിനൊരുക്കിയ നൂതന തമ്പുകളും സജ്ജീകരണങ്ങളും സൗകര്യങ്ങളും ഡെപ്യൂട്ടി ഗവർണർ പരിശോധിച്ചു. അറഫയിലെ താമസ സൗകര്യങ്ങളും ജബൽ അൽറഹ്മക്ക് ചുറ്റും നടക്കുന്ന രണ്ടാംഘട്ട വികസന പദ്ധതികളും കണ്ടു.
വിവിധ വകുപ്പ് ഓഫിസുകളിലെ സംവിധാനങ്ങളും പരിശോധിച്ചു. ജല-വൈദ്യുതി രംഗത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിശദീകരണം കേട്ടു. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി സംരക്ഷണ, ശുചീകരണ പ്രവർത്തനങ്ങളും പരിശോധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.