വികസനത്തിന് വേഗമേകാൻ മക്ക റോയൽ കമീഷൻ
text_fieldsജിദ്ദ: ‘മക്ക, മശാഇർ റോയൽ കമീഷൻ’ രൂപവത്കരിക്കാനുള്ള രാജകൽപന മക്കയിലേയും പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേയും വികസനവും തീർഥാടകർക്കുള്ള സേവനങ്ങളും കൂടുതൽ മികച്ചതും കാര്യക്ഷമവുമാക്കും. മക്കയിലെ താമസക്കാർക്കും അവിടെയത്തുന്ന തീർഥാടകർക്കും ഒരുപോലെ സന്തോഷം നൽകുന്നതാണ് രാജകൽപന. മക്കയുടെ വിശുദ്ധിയും ഒൗന്നത്യവും നിലനിർത്തി വികസനത്തിന് കൂടുതൽ ഉൗന്നൽ നൽകി തീർഥാടകർക്കുള്ള സേവനം മികച്ചതാക്കുക ലക്ഷ്യമിട്ടാണ് ‘മക്ക, മശാഇർ റോയൽ കമീഷൻ’ രൂപവത്കരിക്കുന്നത്.
ലോക മുസ്ലിംകളുടെ പുണ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന മക്കക്ക് സൗദി ഭരണകൂടം നൽകിവരുന്ന വലിയ ശ്രദ്ധയും പ്രധാന്യവുമാണ് ഇത് വ്യക്തമാക്കുന്നത്. സൗദി സ്ഥാപക ഭരണാധികാരിയായിരുന്ന അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ ഇന്നോളം നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് മക്കയും മശാഇറുകളും സാക്ഷ്യം വഹിച്ചത്. ഒരോ ബജറ്റിലും ഭീമമായ സംഖ്യയാണ് മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനും അവിടെയെത്തുന്ന തീർഥാടകരുടെ സേവനത്തിനും നീക്കിവെക്കുന്നത്. പിന്നിട്ട ഒരോ ഭരണാധികാരികളുടെയും കാലത്ത് നിരവധി വൻ പദ്ധതികൾ നടപ്പാക്കി.
തീർഥാടക സേവനം എളുപ്പവും മികച്ചതുമാക്കുന്നതിലും ഹജ്ജ്, ഉംറ സീസണുകളിലെ വിജയത്തിനും ഇൗ പദ്ധതികൾ വലിയ സഹായകമായിട്ടുണ്ട്. സൽമാൻ രാജാവിെൻറ ഭരണകാലത്തും മക്കയിലും പുണ്യസ്ഥലങ്ങളിലും വികസനം തുടരുകയാണ്. നേരത്തെ നടപ്പാക്കിവരുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതോടൊപ്പം പുതിയ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മക്കയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ഒരോന്നും.
മത്വാഫ് വികസനം, ഹറം വടക്ക് അങ്കണം വികസനം, മക്കയിലെ പുരാതന ഡിസ്ട്രിക്റ്റുകളുടെ വികസനം, അൽഹറമൈൻ റെയിൽവേ പദ്ധതി, മക്ക പൊതുഗതാഗത പദ്ധതി എന്നിവ ഇതിൽ എടുത്തുപറയേണ്ടവയാണ്. മക്ക, മശാഇർ റോയൽ കമീഷൻ നിലവിൽ വരുന്നതോടെ മക്കയും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളും വമ്പിച്ച പുരോഗതിയിലേക്ക് ഇനിയും കുതിക്കുമെന്നും തീർഥാടകർക്കെന്ന പോലെ ഇരു പട്ടണങ്ങളിലെ താമസക്കാർക്കും ഇതിെൻറ നേട്ടങ്ങൾ അനുഭവിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ അവിടെയെത്തുന്ന ഹജ്ജ് ഉംറ തീർഥാടകർക്ക് ലഭ്യമാക്കാനും പുതിയ രാജകൽപന സഹായകമാകും.
മൂന്ന് മാസം കൊണ്ട് ആവശ്യമായ നടപടികൾ പൂർത്തിയാക്കി കമീഷൻ നിലവിൽ വരണമെന്നാണ് തീരുമാനം. മന്ത്രി സഭാ ഉപാധ്യക്ഷെൻറ മേൽനോട്ടത്തിലായിരിക്കും കമീഷൻ പ്രവർത്തിക്കുക.
അംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം മന്ത്രി സഭാ അധ്യക്ഷനാണ്.മക്ക മേഖല ഗവർണർ, ആഭ്യന്തര മന്ത്രി, മക്ക മേഖല അസിസ്റ്റൻറ് ഗവർണർ, ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, ഹജ്ജ് ഉംറ മന്ത്രി, സാമ്പത്തിക, ആസൂത്രണ മന്ത്രി മന്ത്രി, പ്രൊഫ.യാസിർ ബിൻ ഉസ്മാൻ അൽറുമയാൻ, എൻജിനീയർ ഇബ്രാഹിം ബിൻ മുഹമ്മദ് അൽസുൽത്താൻ, ഡോ. ഫഹദ് ബിൻ അബ്ദുല്ല തൂനിസി എന്നിവരെ കമീഷനിൽ അംഗങ്ങളാക്കി കൽപന പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.