മക്ക ഗവർണർ പുതിയ ഡെപ്യൂട്ടി ഗവർണറെ വരവേറ്റു
text_fieldsജിദ്ദ: പുതിയ മക്ക ഡെപ്യൂട്ടി ഗവർണറായി നിയമിതനായ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിനെ ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ സ്വീകരിച്ചു. ഡെപ്യൂട്ടി ഗവർണർ ചുമതല ഏറ്റെടുക്കാനെത്തിയപ്പോഴാണ് അമീർ ഖാലിദ് അൽഫൈസൽ തന്റെ വീട്ടിൽ വരവേറ്റത്. അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മഹത്ത്വവും അഭിമാനവും ഗവർണർ ഊന്നിപ്പറഞ്ഞു.
പ്രത്യേകിച്ചും ഈ പ്രദേശം ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളും മുസ്ലിംകളുടെ ഹൃദയവും ഉൾപ്പെടുന്നതാണ്. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനും അവരുടെ സൗകര്യത്തിനും എളുപ്പത്തിനും വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുന്നതിനും നിരന്തരം പ്രയത്നിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും ഗവർണർ പറഞ്ഞു.
മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ വികസനം കൊണ്ടുവരുക, ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരുടെ വിഷയങ്ങൾ മനസ്സിലാക്കി ക്ഷേമത്തിനായി പ്രവർത്തിക്കുക, അവരുടെ ആവശ്യങ്ങൾ കേൾക്കുക, അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ മറികടക്കുക എന്നീ ചുമതലകൾ ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം അമീർ ഖാലിദ് അൽ ഫൈസൽ ചൂണ്ടിക്കാട്ടി. നേതൃത്വത്തിന്റെ അഭിലാഷങ്ങളും മേഖലയിലെ ജനങ്ങളുടെയും സന്ദർശകരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കാനുള്ള തന്റെ ദൃഢനിശ്ചയം ഡെപ്യൂട്ടി ഗവർണർ പ്രകടിപ്പിച്ചു. മേഖലയുടെയും അവിടത്തെ ജനങ്ങളുടെയും താൽപര്യം മുൻനിർത്തിയുള്ള നിർദേശങ്ങൾക്ക് അമീർ ഖാലിദ് അൽ ഫൈസലിനോട് നന്ദി രേഖപ്പെടുത്തി. പ്രദേശത്ത് കൈവരിച്ച സമഗ്രമായ നവോത്ഥാനത്തെ ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.