മക്കയിലും മദീനയിലും സിവിൽ ഡിഫൻസ് സുസജ്ജം
text_fieldsമക്ക: മക്കയിലും മദീനയിലും തീർഥാടകരുടെ സേവനത്തിനും ഏത് അടിയന്തിരഘട്ടം നേരിടുന്നതിനും സുസജ്ജമാണെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. ഇരുഹറമുകളിലും റമദാനിലുണ്ടാകുന്ന വർധിച്ച തിരക്ക് കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലെടുത്തിട്ടുണ്ട്. മുഴുവൻ താമസ കേന്ദ്രങ്ങളിലും സുരക്ഷ പരിശോധന ശക്തമാക്കിയും അപകടങ്ങൾ ഒഴിവാക്കുന്നതും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മക്ക സിവിൽ ഡിഫൻസ് മേധാവി കേണൽ അബ്ദുല്ല ഇൗദ് അൽഖുറശി പറഞ്ഞു.
തീർഥാടകർ എത്തുന്ന മുഴുവൻ റോഡുകളിലും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുണ്ട്. തുരങ്കങ്ങളിലും കാർ പാർക്കിങിലും പരിസ്ഥിതി മലിനീകരണവും കാർബണിെൻറ അളവും പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മക്കയുടെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് ഹറമിനടുത്ത സ്ഥലങ്ങളിൽ അടിയന്തിര സേവനങ്ങൾക്കായി സംഘങ്ങളെ ഒരുക്കി. അപകടരമായ പദാർഥങ്ങൾ പരിശോധിക്കാനും കൈകാര്യം ചെയ്യാനും വിദഗ്ധരായ ഉദ്യോഗസ്ഥരുമുണ്ട്. ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലുമായി സേവനത്തിനായി 50 പോയിൻറുകളാണ് ഉള്ളത്.
അടിയന്തിര ആരോഗ്യ സേവനം നൽകാൻ നാല് സ്ഥലങ്ങളുണ്ടെന്നും മക്ക സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ സിവിൽ ഡിഫൻസ് പൂർണ സജ്ജമാണെന്ന് മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽബൈദാനി പറഞ്ഞു. റമദാനിൽ തിരക്ക് മൂലമുണ്ടാകുന്ന ഏത് അടിയന്തിര ഘട്ടവും നേരിടാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. സൂഖുകളും സ്ഥാപനങ്ങളും താമസ കേന്ദ്രങ്ങളും സുരക്ഷ നിബന്ധനകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുന്നതായും മദീന സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.