മക്ക മസ്ജിദുൽ ഹറാം: കിങ് അബ്ദുൽ അസീസ് കവാടം ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: മക്ക ഹറമിൽ പുതുക്കിപ്പണിത കിങ് അബ്ദുൽ അസീസ് കവാടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുത്തു. കവാടത്തിന്‍റെ ഉദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. ഇതോടെ ഹറമിനകത്തേക്കും പുറത്തേക്കും തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം കൂടുതൽ എളുപ്പമാകും. 'വിഷൻ 2030' ലക്ഷ്യമിട്ട് ഇരുഹറമുകളിൽ മികച്ച സേവനങ്ങൾ ഒരുക്കാൻ ഭരണകൂടം അതീവ താൽപര്യമാണ് കാണിക്കുന്നതെന്ന് കവാടം ഉദ്ഘാടനം ചെയ്തശേഷം ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിൽ പങ്കാളികളായവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. മത്വാഫ് വികസനപദ്ധതിയുടെ ഭാഗമായാണ് ഹറമിലെ പ്രധാന കവാടങ്ങളിലൊന്നായ കിങ് അബ്ദുൽ അസീസ് കവാടം പുതുക്കിപ്പണിതത്. റമദാനിൽ ഹറമിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ കവാടങ്ങൾ ഇരുഹറം കാര്യാലയം ഇതിനകം തുറന്നിട്ടുണ്ട്. മൊത്തം കവാടങ്ങളിൽ 100 എണ്ണം തുറന്നതായാണ് റിപ്പോർട്ട്. 48 കവാടങ്ങൾ നമസ്കരിക്കാനെത്തുന്നവർക്ക് പ്രവേശിക്കാനാണ്. ഇതിൽ 17 കവാടങ്ങൾ മൂന്നാം സൗദി വികസനഭാഗത്തും 23 എണ്ണം കിങ് ഫഹദ് വികസനഭാഗത്തും ഏഴെണ്ണം മസ്അ ഏരിയയിലുമാണ്.
38 കവാടങ്ങൾ ഉംറ തീർഥാടകരുടെ പ്രവേശനത്തിന് മാത്രമാക്കിയിട്ടുണ്ട്. ഇതിൽ 13 എണ്ണം കിങ് ഫഹദ് വികസന ഭാഗത്തും ആറെണ്ണം കിങ് അബ്ദുൽ അസീസ് (അജിയാദ്) ഭാഗത്തും 19 എണ്ണം മസ്യയുടെ ഭാഗത്തുമാണ്. നാല് കവാടങ്ങൾ തീർഥാടകരുടെ അടിയന്തര സേവനങ്ങൾക്കാണ്. 10 എണ്ണം പ്രത്യേക സേവനങ്ങൾക്കും നിശ്ചയിച്ചിട്ടുണ്ട്. രണ്ടാം സൗദി വികസനഭാഗത്ത് പുരുഷന്മാർക്ക് 35ഉം സ്ത്രീകൾക്ക് 30ഉം നമസ്കാരസ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കാൻ ഇരുഹറം കാര്യാലയത്തിന് കീഴിലെ ക്രൗഡ് മാനേജ്മെന്‍റ് വിഭാഗത്തിൽ 330 ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.