മക്ക: പെട്രോൾ സ്റ്റേഷനുകളിലെ നിയമലംഘനങ്ങൾക്ക് നടപടി കർശനമാക്കി
text_fieldsമക്ക: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷ നടപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കിത്തുടങ്ങി.
മുനിസിപ്പൽ ഗ്രാമകാര്യ ഭവനമന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ച് ഉത്തരവിറക്കിയത്. 30 തരം ലംഘനങ്ങൾക്കാണ് പിഴത്തുകകൾ പുതുക്കിയത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷയും ഉണ്ടായേക്കും.
പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും.
നിശ്ചിത മാനദണ്ഡങ്ങളും ഗുണനിലവാരവുമില്ലാതെയുള്ള പെട്രോളിയം അല്ലെങ്കിൽ ഇതര ഉൽപന്നങ്ങളുമായി കലർത്തിയ പെട്രോളിയം വിൽപന നടത്തിയാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. സ്റ്റേഷനിൽ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാതിരിക്കുകയോ ലൂബ്രിക്കേഷൻ, ഓയിൽ ചേഞ്ചിങ്ങിനുള്ള ഷോപ് പ്രവർത്തിപ്പിക്കാതിരിക്കുകയോ ചെയ്താൽ 5,000 റിയാലാണ് പിഴ. നമസ്കാരപ്പള്ളി, കോഫി ഷോപ് അല്ലെങ്കിൽ റസ്റ്റാറൻറ്, ടയർ വിൽക്കാനും നന്നാക്കാനുമുള്ള കട എന്നിവ സ്റ്റേഷനിൽ ഇല്ലാതിരുന്നാലും പിഴയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.