മക്സൂറ അൽ രാജിഹി : ഖസീം പ്രവിശ്യയുടെ കാർഷിക പെരുമക്ക് ചരിത്രത്തിെൻറ ജലസ്പർശം
text_fieldsബുറൈദ: പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിലും കാർഷിക വിഭവ സമ്പന്നതയിലും ലോകമെമ്പാടും പ്രസിദ്ധമാണ് സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യ. മണ്മറഞ്ഞ ഒരു ഗതകാല ശേഷിപ്പ് തനതായ രീതിയിൽ സംരക്ഷിക്കപ്പെടുന്നതിലൂടെ ജനശ്രദ്ധയാകർഷിക്കുകയാണ് ഖസീമിലെ ബുഖൈരിയക്കടുത്തുള്ള 'മക്സൂറ അൽ രാജിഹി' എന്നറിയപ്പെടുന്ന അൽ രാജിഹി ജലസേചന മ്യൂസിയം. ബുറൈദയിൽനിന്ന് 40 കിലോമീറ്റർ അകലെ, സദാസമയവും ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീർ ചാലുകളോടുകൂടിയ ഈന്തപ്പന കൃഷിസ്ഥലത്തിന് സമീപത്തായാണ് മക്സൂറ അൽ രാജിഹി സ്ഥിതിചെയ്യുന്നത്. അറബ് ദേശങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന കാർഷിക ജലസേചന മാതൃകയാണ് ഇവിടത്തെ ഏറ്റവും പ്രധാന ആകർഷണം. ഒട്ടകങ്ങളെ ഉപയോഗിച്ച്, നിറയെ പാറകൾ നിറഞ്ഞ വലിയൊരു കിണറിൽ നിന്ന് കയറും മരത്തിെൻറ കപ്പിയും ഉപയോഗിച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം എത്തിക്കുന്ന പുരാതന കാർഷിക ജലസേചന മാതൃക വിസ്മയം കൊള്ളിക്കുന്ന കാഴ്ചയാണ്.
ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഈ കിണർ അക്കാലത്ത് ഈ പ്രദേശത്തുള്ളവയിൽെവച്ച് ഏറ്റവും വലിയ കിണറായിരുന്നുവെന്ന് പറയപ്പെടുന്നു. കൂടാതെ, പണ്ടുകാലങ്ങളിൽ ഈന്തപ്പഴം ഉൾപ്പെടെയുള്ള ഭക്ഷ്യ കാർഷിക വിഭവങ്ങൾ സൂക്ഷിച്ചിരുന്ന പ്രത്യേകതരം മണ്ണറകൾ, മൺവീട്, പ്രാർഥനാലയം എന്നിവ അതേപടി സംരക്ഷിച്ചിരിക്കുന്നു. പ്രത്യേകതരം മണ്ണും ഈന്തപ്പനയുടെ അസംസ്കൃത വസ്തുക്കളും തടിയും ഉപയോഗിച്ച് നിർമിച്ചതാണ് ഇവിടെയുള്ള ഇരുനില മൺവീടും അതിന് സമീപത്തുള്ള പ്രാർഥനാലയവും. ചതുരാകൃതിയിലുള്ള ഈ മൺവീടിെൻറ താഴത്തെ നില അതിഥി സൽക്കാരങ്ങൾക്കും കാർഷിക വിഭവങ്ങൾ സൂക്ഷിക്കുന്നതിനായും മുകളിലത്തേത് കുടുംബാംഗങ്ങൾ താമസിക്കാനായും ഉപയോഗിച്ചിരുന്നു. പ്രാർഥനാലയത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഉള്ളത്.
ശൈത്യകാലത്തും മഴക്കാലത്തും പ്രാർഥന നടത്തുന്നതിനായുള്ള അടച്ചിട്ട ഭാഗവും വേനൽക്കാലങ്ങളിൽ ഉപയോഗിക്കുന്നതിനായുള്ള ത്രികോണാകൃതിയിലുള്ള ജനാലകളടങ്ങിയ തുറസ്സായ ഭാഗവും. അൽ ഖസീമിലെ പുരാതന മനുഷ്യർ കരകൗശല- വാസ്തുവിദ്യയിലുമൊക്കെ എത്രത്തോളം വൈദഗ്ധ്യം പുലർത്തിയവരാണെന്ന് മനസ്സിലാക്കാൻ നജ്ദി വാസ്തുവിദ്യ പ്രകാരം നിർമിച്ച ഈ കെട്ടിടങ്ങൾ നേരിൽ കാണുകതന്നെ വേണം. ചൂട് കൂടിയ വരണ്ട പ്രദേശമായതിനാൽ അത്തരത്തിലുള്ള കാലാവസ്ഥക്ക് അനുയോജ്യമായ നിർമാണരീതിയാണ് നജ്ദ് വാസ്തുവിദ്യയിൽ അവലംബിക്കുന്നത്. പകലും രാത്രിയും തമ്മിൽ വളരെയധികം കാലാവസ്ഥ വ്യതിയാനമുള്ള ഇത്തരം പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന നിർമാണ രീതിയാണിത്. 70 മുതൽ 80 വരെ സെൻറിമീറ്റർ കട്ടിയുള്ള പുറം ചുവരുകളോടുകൂടി മൺകട്ടകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമിച്ചിരുന്നത്. വീടിെൻറ തുറസ്സായ മുകൾഭാഗം ഉഷ്ണകാലത്തെ രാപ്പാർക്കലുകൾക്ക് ഉപയോഗിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ദിനേന നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്. വൈകീട്ട് നാല് മുതൽ ആറ് വരെ പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സന്ദർശകർക്കായി പരമ്പരാഗത രീതിയിലുള്ള വിശ്രമ കേന്ദ്രവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. പനയോലകൊണ്ട് നിർമിച്ച ഈ വിശ്രമകേന്ദ്രത്തിൽനിന്നും അറേബ്യൻ ഗഹ്വയും ഈന്തപ്പഴവും മാമൂൽ തുടങ്ങിയ പരമ്പരാഗത മധുരപലഹാരങ്ങളുടെ രുചിയും ആസ്വദിച്ച് ഒപ്പം അൽരാജിഹി കുടുംബത്തിെൻറ ആതിഥ്യ മര്യാദയും അനുഭവിച്ച് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.