മലബാറിനെ ചതിച്ചത് ഇടത് സർക്കാറുകൾ -പി.കെ. നവാസ്
text_fieldsറിയാദ്: പ്ലസ്ടു സീറ്റ് ക്ഷാമം ഉൾപ്പെടെ മലബാർ മേഖല ഇന്നനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇടത് സർക്കാറുകളുടെ ചതിയാണ് കാരണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് കുറ്റപ്പെടുത്തി. റിയാദ് കെ.എം.സി.സി മങ്കട മണ്ഡലം പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇടതു സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്.
ഇടത് സർക്കാറുകളുടെ ചതികൾ
1998ൽ പ്രീഡിഗ്രി സംവിധാനത്തിൽനിന്ന് പ്ലസ് ടുവിലേക്ക് മാറുന്നത് മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ നാല് ഇടത് സർക്കാറുകളും രണ്ട് യു.ഡി.എഫ് സർക്കാറുകളുമാണുണ്ടായത്. ഇടതു സർക്കാറുകളുടെ കാലത്ത് വിഭവ വിതരണകാര്യത്തിൽ നൈതികത കാണിക്കാതെ മലബാറിനെ ചതിക്കുകയായിരുന്നു.
അതേസമയം രണ്ട് യു.ഡി.എഫ് സർക്കാറുകളുടെ കാലത്തും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തി. അപ്പോൾ അത് വർഗീയമാണെന്ന് പറഞ്ഞ് അച്യുതാനന്ദൻ കോടതിയെ സമീപിക്കുന്നതാണ് കണ്ടത്. ഇത് ചതിയല്ലാതെ പിന്നെന്താണ്?
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമാണല്ലോ നമ്മൾ ചർച്ച ചെയ്യുന്നത്. തെക്കൻ ജില്ലകളിൽ അധിക സീറ്റ് ഉണ്ടോ ഇല്ലയോ എന്നത് എം.എസ്.എഫിന്റെ പ്രശ്നമല്ല, മലബാറിന് ആവശ്യമായത് നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള അവസരം സർക്കാർ ഒരുക്കിക്കൊടുക്കണം.
ആവശ്യത്തിന് സീറ്റുകളുണ്ടെന്ന മന്ത്രിയുടെ നുണ
ആവശ്യത്തിന് സീറ്റുകളുണ്ടെന്ന് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പിന്നീട് തിരുത്തിപ്പറഞ്ഞു. പരീക്ഷാഫലം വന്ന് അപേക്ഷകരുടെ എണ്ണം പുറത്ത് വന്നപ്പോൾ അടവുമാറ്റി, എല്ലാവരും പ്ലസ് വണ്ണിന് മാത്രമല്ല പോളിടെക്നിക് ഉൾപ്പടെയുള്ള കോഴ്സുകൾക്കും പോകുമെന്നാക്കി.
പ്ലസ് വൺ അപേക്ഷകരുടെ കൃത്യമായ കണക്ക് വന്നപ്പോഴാണ് പ്രശ്നമുണ്ടെന്ന് മന്ത്രിക്ക് ബോധ്യമായത്. പുതിയ സീറ്റുകൾ അനുവദിച്ചാൽ 14.9 കോടി അധിക ബാധ്യത വരുമെന്നാണ് മന്ത്രി പറയുന്നത്. ഈ വിഷയങ്ങളെല്ലാം ശ്രദ്ധയിൽപെടുത്താൻ എം.എസ്.എഫ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അറിയിക്കാഞ്ഞിട്ടോ സംസാരിക്കാഞ്ഞിട്ടോ അല്ല, തീർക്കാൻ മനോഭാവം ഇല്ലാത്തതാണ് പ്രശ്നം.
മുഖ്യമന്ത്രി മലബാറിൽ നിന്നായിട്ടും...
മലപ്പുറത്ത് നിന്നായിരുന്നു ഇ.എം.എസ്, പാലക്കാട് നിന്നായിരുന്നു വി.എസ്, എന്നിട്ടെന്ത് മാറ്റമാണ് മലബാറിന് ഉണ്ടാക്കിയത്. അതു തന്നെയല്ലേ പിണറായി വിജയന്റെ കാര്യത്തിലും! കേരളത്തിൽ ഇടതുപക്ഷത്തിന് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ എവിടെയൊക്കെ വലിയ സ്വാധീനമുണ്ടായോ അവിടെയൊക്കെ വിദ്യാഭ്യാസപരമായി പുരോഗതിയുണ്ടായപ്പോൾ അവർക്ക് രാഷ്ട്രീയമായി കാലിടറിയ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.
മലബാർ സംസ്ഥാനമെന്ന വാദം?
മലബാർ പ്രത്യേക സംസ്ഥാനമാക്കണമെന്ന വാദം ഞങ്ങൾക്കില്ല. അതേസമയം കേരളത്തിന്റെ പൊതുധാരയിലേക്ക് എല്ലാവരെയും ചേർത്തുപിടിക്കാനുള്ള ഇടപടൽ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മലബാർ വേറെ ഒരു സംസ്ഥാനമാക്കണമെന്ന ആവശ്യം യുക്തിസഹമാണെന്ന അഭിപ്രായമില്ല. അപ്പോഴും ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചവരെ പരിഹസിക്കുകയല്ല വേണ്ടത്, അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടത്.
ഇന്ത്യയെന്ന വിശാല കാൻവാസിൽ കേരളമെന്ന കൊച്ചുദേശത്തെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതുപോലെ കേരളത്തിന്റെ കാൻവാസിൽ മലബാറിനെ വർഗീയ കോളത്തിൽ തള്ളാൻ ശ്രമം നടക്കുന്നുണ്ട് എന്നത് ശരിയാണ്.
സമദാനിയും ഇ.ടിയും മാത്രം മതിയോ?
തലമുതിർന്ന നേതാക്കൾ ലോക്സഭയിലും നിയമസഭയിലും പോയാൽ മതിയോ?. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ പാർലമെൻറ് നടപടിയിൽ പരിണിതപ്രജ്ഞരായവരെയാണ് വേണ്ടത്. ഈ രണ്ട് യോഗ്യതയും ഉള്ളത് കൊണ്ടാണ് ഇ.ടിയേയും സമദാനിയെയും ലീഗ് മത്സരരംഗത്തേക്ക് ഇറക്കിയത്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രായക്കുറവുള്ള ഒരാൾ രാജ്യസഭ സ്ഥാനാർഥിയാകുന്നത്. അതാണ് ഹാരിസ് ബീരാനിലൂടെ കണ്ടതും.
പരിചയസമ്പത്തുണ്ടാവാൻ പുതുതലമുറ നേതാക്കൾക്കും അവസരം വേണം. എല്ലാ ഭരണഘടനാപദവിയേക്കാൾ വലുതും അഭിമാനവുമാണ് പാർട്ടി പ്രവർത്തകനെന്ന പദവി.
എം.എസ്.എഫിന്റെ ഇടപെടലുകൾ?
കേരളം അതത് സമയങ്ങളിൽ ആവശ്യപ്പെടുന്ന എല്ലാ വിഷയങ്ങളിലും എം.എസ്.എഫ് ഇടപെടുന്നുണ്ട്. മലബാറിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷത്തിലും ശക്തമായ ഇടപെടൽ നടത്തി. കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വേണ്ടിയാണ് അടി കൊള്ളുന്നതും സമരം ചെയ്യുന്നതും. ഇതൊക്കെ തന്നെയാണ് എം.എസ്.എഫിന്റെ ഇടപെടൽ.
ഹരിത വിവാദത്തിൽനിന്ന് തലയൂരിയോ?
സ്വാഭാവികമായി എല്ലാ സംഘടനയിലും ഉണ്ടാകുന്ന ചില്ലറ അഭിപ്രായവ്യത്യസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായി എന്നത് മറച്ചു വെക്കുന്നില്ല. ലീഗിന്റെ പോഷകസംഘടനയായത് കൊണ്ട് അതിന് മാധ്യമ ശ്രദ്ധകൂടി. പാണക്കാട് നിന്നൊരു തീരുമാനം വന്നാൽ ഞങ്ങൾക്ക് അതാണ് അവസാന വാക്ക്. ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണിപ്പോൾ എല്ലാവരും സജീവമായി പ്രവർത്തന രംഗത്തുണ്ട്.
മലപ്പുറത്തെ ക്രൈം റേറ്റിങ്ങിൽ മുന്നിലെത്തിക്കാൻ ശ്രമം
റിയാദ്: മലപ്പുറം ജില്ലയെ ക്രൈം റേറ്റിങ്ങിൽ മുന്നിലെത്തിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. അനാവശ്യമായി കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതും എഫ്.ഐ.ആറുകളുടെ എണ്ണം കൂട്ടുന്നതിനും പിന്നിൽ ഒളിയജണ്ടയുണ്ട്.
മന്ത്രിയുടെ പ്രസ്താവന ഞങ്ങൾ പറഞ്ഞത് ശരിവെക്കലായിരുന്നു. ഇനിയെങ്കിലും ഇക്കാര്യം ഗൗരവമായി എടുത്ത് ഉന്നതതല അന്വേഷണം നടത്തണമെന്നും നവാസ് ആവശ്യപ്പെട്ടു. അന്നുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുണ്ടാക്കിയ നെറികേടാണതെല്ലാം. ഒരു സ്ഥലത്ത് നടക്കുന്ന കൂട്ടമായ നിയമലംഘനത്തിൽ 10 പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു എഫ്.ഐ.ആർ ആണ്. അതിനു പകരം അത് പത്താക്കി ഇരട്ടിപ്പിക്കാൻ ശ്രമിച്ചു.
ഇല്ലാത്ത കേസുണ്ടാക്കി നിരപരാധികളെ കേസിൽ കുടുക്കി മേലധികാരികളെ സന്തോഷിപ്പിച്ചു. ആഭ്യന്തരം ഭരിക്കുന്ന പിണറായിയുടെ തൊട്ടപ്പുറത്തിരിക്കുന്ന മന്ത്രി മലപ്പുറത്തെ പൊലീസ് നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിൽ അതെത്ര ഗുരുതരമാണെന്ന് ഊഹിക്കാമല്ലോ! മന്ത്രിക്ക് പോലും പുറത്ത് പറയേണ്ട അവസ്ഥ ഉണ്ടായെങ്കിൽ മലപ്പുറത്തെ പൊലീസ് സംവിധനം ഭീകരമായിരിക്കുന്നു എന്നിനി പറയേണ്ടതില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.