മലപ്പുറം കെ.എം.സി.സി സൗജന്യ അദാലത്ത് ക്യാമ്പ്
text_fieldsറിയാദ്: ഇന്ത്യൻ പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ റിയാദിൽ ഏകദിന സൗജന്യ അദാലത്ത് ക്യാമ്പ് സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ നിയമ സാമ്പത്തിക ജോലി പ്രശ്നങ്ങളിൽ അകപ്പെട്ട നൂറോളം ആളുകൾക്ക് ആവശ്യമായ നിയമ നിർദേശങ്ങൾ നൽകാനും ഒട്ടേറെ കേസുകൾക്ക് ക്യാമ്പിൽവെച്ച് തന്നെ തീർപ്പ് കൽപിക്കാനും സാധിച്ചതായി സംഘാടകർ പറഞ്ഞു. അകാരണമായി സ്പോൺസർ ഹുറൂബാക്കിയ കേസുകൾ, ഇഖാമ പുതുക്കാതെ കാലാവധി തീർന്ന കേസുകൾ, വർഷങ്ങളായി റീ-എൻട്രി കൊടുക്കാതെ നാട്ടിൽ പോകാത്ത കേസുകൾ, സ്പോൺസർ അനാവശ്യ കേസുകൾ കൊടുത്ത് പ്രയാസപ്പെടുന്നവർ, എക്സിറ്റ് അടിച്ചു കാലാവധി തീർന്ന് നാട്ടിൽ പോകാൻ പ്രയാസപ്പെടുന്നവർ തുടങ്ങിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതിലധികവും.
ക്യാമ്പിന് മുന്നോടിയായി പ്രശ്നങ്ങളിൽ അകപ്പെട്ട ഇന്ത്യൻ സമൂഹത്തിനായി നടന്ന ബോധവത്കരണ ക്ലാസിൽ പ്രവാസികൾ അറിയാതെ വന്നുപോകുന്ന വഞ്ചനകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അകാരണമായി ബ്ലാങ്ക് പേപ്പറിലോ വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത ഭാഷകളിൽ എഴുതിയ പേപ്പറിലോ ഒരു കാരണവശാലും ഒപ്പ് വെക്കരുതെന്നും അനാവശ്യ സാമ്പത്തിക ഇടപാടുകൾക്ക് ആരും ജാമ്യം നിൽക്കരുതെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ അഭിപ്രായപ്പെട്ടു. അദാലത്ത് ക്യാമ്പ് ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു.
വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കോയാമു ഹാജി, ഉസ്മാനലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മൊയ്തീൻകുട്ടി തെന്നല, ജില്ല സെക്രട്ടറി അസീസ് വെങ്കിട്ട, വെൽഫെയർ വിങ് വളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. ട്രഷറർ റിയാസ് തിരൂർക്കാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.