മലർവാടി സൗദി ദേശീയ ദിനം ആഘോഷിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയുടെ 90ാമത് ദേശീയദിനം മലർവാടി റിയാദ് ഘടകം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഇൻസ്ട്രക്ടർ സി.എം. ദീപക് മുഖ്യാതിഥിയായിരുന്നു. 'മാനസിക ശാരീരിക ആരോഗ്യം നിലവിലെ സാഹചര്യത്തിൽ'എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളോട് സംവദിച്ചു. നല്ല ആഹാരം, ചിട്ടയായ കായിക പരിശീലനം, പഠനം, വീട്ടുജോലികളിൽ പങ്കെടുക്കൽ, പ്രാർഥന, സുഹൃത്തുക്കളുമായുള്ള ആശയ വിനിമയം തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ പിന്തുടർന്നാൽ ശാരീരിക മാനസിക ക്ഷമത നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ്, ഇന്ത്യൻ ഫുട്ബാൾ, കേരള ബ്ലാസ്റ്റേഴ്സ്, ക്രിക്കറ്റ് ടീം, കായിക ക്ഷമത തുടങ്ങി നിരവധി വിഷയങ്ങൾ കുട്ടികൾ ഉന്നയിക്കുകയും അദ്ദേഹം മറുപടി പറയുകയും ചെയ്തു.
കുട്ടികളുടെ വർണാഭമായ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളെല്ലാംതന്നെ സൗദി പരമ്പരാഗത വസ്ത്രങ്ങൾ, സൗദി പതാക, സൗദി തൊപ്പി, റിബൺ എന്നിവ ധരിച്ചുകൊണ്ടാണ് കാമറക്ക് മുന്നിലെത്തിയത്. മലർവാടി ഘടകങ്ങളായ റൗദ, ദല്ല, മലസ്, ഉലയ, മുറബ്ബ, ശുമൈസി ടീമുകൾ സൗദി ദേശീയഗാനം, അറബിക് ഡാൻസ്, ഫാൻസി ഡ്രസ്, അറബിക് ഗാനം, സോളോ ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. മലർവാടി മെൻറർമാരായ ജെസീന, ഷാഹിന, നസീറ, റംസിയ, സനിത, ഷഹ്ദാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നെഹ്ന സലാം, നൈറ ഷഹ്ദാൻ എന്നിവർ അവതാരകരായി. നിഹ്മത് അധ്യക്ഷത വഹിച്ചു. റഹ്മത്ത് സ്വാഗതവും നൈസി സജാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.