മലർവാടി മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: മലയാള ഭാഷയുടെ പ്രൗഢിയും സൗന്ദര്യവും വിവരിച്ചും കുട്ടികളുമായി സല്ലപിച്ചും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം. മലർവാടി മലയാളം മിഷൻ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാതൃഭാഷ പഠിക്കാതെ നാം മലയാളികളാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ ഭാഷയും വിശിഷ്ട ഭാഷയുമാണ് നമ്മുടെ മലയാളം. ആദ്യമായി ജ്ഞാനപീഠം അവാർഡ് കരസ്ഥമാക്കിയത് മലയാളമാണ്.
ചെറുശ്ശേരിയും ഉള്ളൂരും വൈലോപ്പിള്ളിയും കുമാരനാശാനുമൊക്കെ നിറഞ്ഞുനിന്ന ഇടം. മുത്തശ്ശിപ്പാട്ടുകളും വായ്ത്താരികളും കുഞ്ഞുണ്ണിക്കവിതകളും ബാല പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമായ സാഹിത്യം. ബഷീറും എം.ടിയും മുതൽ ബെന്യാമിൻ വരെ നമ്മെ മോഹിപ്പിച്ച ഭാഷ. ഇതെല്ലാം കൂടിയതാണ് മലയാളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൗദ, മലസ്, ഉലയ്യ, ദല്ല എന്നീ മലയാളം മിഷൻ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.മലയാളം മിഷൻ കോഒാഡിനേറ്റർ നൗഷാദ് കോർമത്ത്, വിദഗ്ധ സമിതിയംഗം ലിേനാ കൊടിയത്ത്, മലർവാടി പ്രോവിൻസ് കോഒാഡിനേറ്റർ അഷ്റഫ് കൊടിഞ്ഞി, തനിമ പ്രസിഡൻറ് ജാസ്മിൻ അഷ്റഫ് എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ ഷഹനാസ് ജലീൽ മലയാളം ബോധനരീതി പരിചയപ്പെടുത്തി. ജസീന സലാം ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നസീറ ഉബൈൻ നാടൻപാട്ട് അവതരിപ്പിച്ചു. റംസിയ അസ്ലം കവിത ചൊല്ലി. നൈസി സജ്ജാദ് 'കടംകഥ കുട്ടികളോട്' അവതരിപ്പിച്ചു.കഥ, കവിതകൾക്ക് പുറമെ കുഞ്ഞുണ്ണി മാഷും കുട്ട്യോളും, ഭൂതപ്പാട്ട്, സംഘഗാനം എന്നിവ അരങ്ങേറി. ഷെസ റഹീം ദേശീയഗാനം ആലപിച്ചു. ഹനാ ഹാരിസ് അവതാരകയായിരുന്നു. സോണൽ കോഒാഡിനേറ്റർ ഷഹ്ദാൻ സ്വാഗതവും നിഹ്മത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.