മീഡിയവൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവ ലോഗോ പ്രകാശനം ചെയ്തു
text_fieldsജിദ്ദ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ സൗദിതല ലോഗോ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും ജിദ്ദയിൽ നടന്നു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ ലോഗോ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും നിർവഹിച്ചു.
കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും സൗദി അറേബ്യ അടക്കം വിവിധ വിദേശ രാജ്യങ്ങളിലുമായി നടക്കുന്ന വിജ്ഞാനോത്സവത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മൂന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി തിരിച്ചുള്ള മത്സരത്തിന് മൂന്നു ഘട്ടങ്ങളുണ്ടാവും.
300ലധികം സെൻററുകളിലായാണ് ആദ്യഘട്ട പരീക്ഷ നടക്കുന്നത്. സൗദിയിൽ വിവിധ പ്രദേശങ്ങളിലായി 13 പരീക്ഷ സെൻററുകൾ ഉണ്ടാവും. ആദ്യഘട്ട പരീക്ഷയിൽ ഓരോ വിഭാഗത്തിലും കൂടുതൽ മാർക്ക് നേടുന്ന 50 പേർക്ക് വീതം പ്രൊവിൻസ് തല മത്സരത്തിൽ പങ്കെടുക്കാം. പ്രൊവിൻസ് തല മത്സരത്തിൽനിന്ന് നിശ്ചിത ശതമാനം പോയൻറ് നേടി എലിമിനേഷൻ റൗണ്ടിൽ പ്രവേശിക്കും. എലിമിനേഷൻ റൗണ്ടിൽ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടാവും.
വിജയികൾക്ക് ഐമാക്, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ, ക്വിൻറൽ, സ്മാർട്ട് വാച്ച് തുടങ്ങി 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഗ്രാൻഡ് ഫിനാലെ മീഡിയവൺ സംപ്രേഷണം ചെയ്യും. വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ https://littlescholar.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഡിസംബർ ആദ്യവാരം പ്രാഥമിക റൗണ്ട് മത്സരവും ജനുവരി ആദ്യവാരം പ്രൊവിൻസ് തല മത്സരങ്ങളും നടക്കും. മത്സരത്തിൽ പങ്കെടുത്ത് 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് മെഡലുകളും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ലഭിക്കും.
ലോഗോ പ്രകാശന, രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ മലർവാടി, ടീൻ ഇന്ത്യ സൗദി വെസ്റ്റ് പ്രൊവിൻസ് രക്ഷാധികാരി എ. നജുമുദ്ദീൻ, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച്. ബഷീർ, ലിറ്റിൽ സ്കോളർ വിജ്ഞാനമത്സരം കോഓഡിനേറ്റർ ഇ.കെ. നൗഷാദ്, മലർവാടി, സ്റ്റുഡൻറ്സ് ഇന്ത്യ കോഓഡിനേറ്റർമാരായ ബഷീർ ചുള്ളിയൻ, സാദിഖലി തുവ്വൂർ, സുബൈദ മുഹമ്മദ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ലിറ്റിൽ സ്കോളർ വിജ്ഞാനമത്സരത്തിന്റെ കേരളത്തിലെ രജിസ്ട്രേഷൻ ഉദ്ഘാടനം മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാടും ലോഗോ പ്രകാശനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും നേരത്തേ നിർവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.