മനോവിഭ്രാന്തിയിൽ വീടുവിട്ടിറങ്ങിയ ആന്ധ്ര സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി
text_fieldsദമ്മാം: മനോവിഭ്രാന്തിയിൽ സ്പോൺസറുടെ വീട് വിട്ടോടി തെരുവിലായ ആന്ധ്ര സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ തുണയായി. ആന്ധ്ര പ്രദേശ് ഗ്വർളവരിപാലം സ്വദേശിനി ദിൽഷാദ് ബീഗം ആണ് സാന്ത്വന പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തുകയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.
ദമ്മാമിലെ ഇന്ത്യൻ പാസ്പോർട്ട് സേവാകേന്ദ്രത്തിെൻറ സമീപത്ത് ഒറ്റക്ക് സംസാരിക്കുകയും ഇടക്കിടക്ക് പൊട്ടിച്ചിരിക്കുകയും െചയ്യുന്ന അവസ്ഥയിലാണ് ദിൽഷാദ് ബീഗത്തെ കണ്ടെത്തുന്നത്. ചിലയാത്രക്കാർ വിവരം നൽകിയതിനെത്തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ സ്ഥലത്തെത്തി ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ ഒന്നും വ്യക്തമായില്ല. തുടർന്ന് ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ച ശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ദിൽഷാദ് ബീഗത്തെ ഹാജരാക്കി റിപ്പോർട്ട് ചെയ്തു. തുടർന്ന് ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. അവരുടെ മനോനില മനസ്സിലാക്കിയ അഭയകേന്ദ്രം അധികൃതർ ദിൽഷാദ് ബീഗത്തെ മഞ്ജുവിെൻറ കൂടെ അയച്ചു. ഒരു മാസത്തോളം മഞ്ജു അവരെ വീട്ടിൽ താമസിപ്പിച്ച് പരിചരിച്ചതോടെ അവരുടെ മനോനിലയിൽ ഏറെ പുരോഗതിയുണ്ടായി.
നവയുഗം ജീവകാരുണ്യവിഭാഗം ജവാസാത്ത് അധികൃതരുമായി ബന്ധപ്പെട്ട് ദിൽഷാദ് ബീഗത്തിൻെറ സ്പോൺസറെ ബന്ധപ്പെടുകയുംഅവസ്ഥ മനസ്സിലാക്കിയതോടെ ഫൈനൽ എക്സിറ്റ് നൽകാൻ അദ്ദേഹം തയാറാവുകയും ചെയ്തു. മഞ്ജുവിൻെറ അഭ്യർഥന അനുസരിച്ചു വെസ്കോസ ജീവനക്കാരനായ അനീഷ് ഇവർക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകി. പി.സി.ആർ പരിശോധന പൂർത്തിയാക്കി ഇവരെ നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം ഇവർ കുടുംബത്തിൽ എത്തിച്ചേർന്ന വിവരമറിഞ്ഞതോെട ഗൾഫിലെത്തി ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയെക്കൂടി സുരക്ഷിതമായി നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.