നിയമക്കുരുക്കിൽനിന്ന് മോചനം നേടാൻ അസം സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകയുടെ സഹായം
text_fieldsദമ്മാം: നിയമക്കുരുക്കിൽപ്പെട്ട അസം സ്വദേശിനിയായ വീട്ടുജോലിക്കാരി നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. അസം ദിസ്പുർ സ്വദേശിനി റൂബി ബീഗം ആണ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞത്. രണ്ടു വർഷം മുമ്പാണ് റൂബിബീഗം സൗദിയിൽ വീട്ടു ജോലിക്ക് വന്നത്. എന്നാൽ, ജോലി ദുരിതപൂർണം ആവുകയും രാപ്പകൽ വിശ്രമം ഇല്ലാതെ ജോലി ചെയ്താലും ശമ്പളം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി. ഒരു വർഷത്തെ ദുരിതകാലത്തിനൊടുവിൽ അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി മറ്റു ചിലയിടങ്ങളിൽ ജോലി ചെയ്തു. കൃത്യമായ രേഖകളില്ലാത്തതിനാൽ അധികകാലം മുന്നോട്ട് പോകാൻ സാധിക്കാതെ വന്നതോടെ ദമ്മാമിലെ എംബസി സേവന കേന്ദ്രത്തിൽ അഭയം തേടി. ഇവിടെയുള്ള ജീവനക്കാരൻ നവയുഗം ജീവകാരുണ്യ വിഭാഗം കൺവീനർ മഞ്ജു മണിക്കുട്ടനെ വിവരമറിയിച്ചു.
മഞ്ജുവും ജീവകാരുണ്യപ്രവർത്തകനായ പത്മനാഭൻ മണിക്കുട്ടനും റൂബി ബീഗത്തിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കി, അവരെ പൊലീസ് സ്റ്റേഷനിലും അവിടന്ന് ദമ്മാം വനിത അഭയകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. സർക്കാർ രേഖകൾ പരിശോധിച്ചതിൽനിന്നും റൂബിയുടെ സ്പോൺസർ അവരെ ഹുറൂബിൽ (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായും, വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചാണ് ഒളിച്ചോടിയത് എന്ന കള്ളക്കേസ് കൊടുക്കുകയും ചെയ്തതായി മനസ്സിലാക്കി.ഹുറൂബും, മത്ലൂബും അടക്കം ഈ കേസുകളുടെ നൂലാമാലകൾ അഴിക്കാതെ റൂബി ബീഗത്തിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമായിരുന്നില്ല.
നവയുഗം നിയമസഹായവേദിയുടെ സഹായത്തോടെ കേസുകൾ കോടതിയിൽ നടന്നു. ഇതിനിടെ കോവിഡ് കാലം ആയതിനാൽ, വനിത അഭയകേന്ദ്രം അധികാരികളുടെ നിർദേശം അനുസരിച്ച് മഞ്ജു മണിക്കുട്ടൻ റൂബി ബീഗത്തിനെ ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി താമസിപ്പിച്ചു. പൊലീസ് സ് േറ്റഷൻ, ഇൻവെസ്റ്റിഗേഷൻ ഓഫിസ്, കോടതികൾ എന്നിങ്ങനെ പലയിടങ്ങളിലായി, മൂന്നു മാസത്തോളം നീണ്ട നിയമപോരാട്ടമാണ് നവയുഗം റൂബി ബീഗത്തിനായി നടത്തിയത്. ഒടുവിൽ കള്ളക്കേസുകൾ തള്ളിപ്പോകുകയും അവർക്ക് ഫൈനൽ എക്സിറ്റ് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് നിയമനടപടികൾ പൂർത്തിയാക്കി റൂബി ബീഗം നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.