ലോകത്തെ അപൂർവ അക്ഷരങ്ങളുള്ള നല്ല ഭാഷയാണ് മലയാളം –കുരീപ്പുഴ ശ്രീകുമാർ
text_fieldsജിസാൻ: ഒട്ടേറെ പ്രത്യേകതകളും അപൂർവമായ അക്ഷരങ്ങളും അക്കങ്ങളും അക്കങ്ങളുടെ അടയാളങ്ങളുമുള്ള മലയാള ഭാഷ ലോകത്തെ ഏറ്റവും നല്ല ഭാഷകളിലൊന്നാണെന്ന് പ്രമുഖ കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 'ഭൂമിമലയാളം' ഭാഷാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ജിസാൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ മലയാളി സംഗമവും ഭാഷാപ്രതിജ്ഞയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'ഴ' പോലുള്ള അക്ഷരങ്ങൾ ലോകത്ത് അധികം ഭാഷകളിലില്ല. ഭാഷയിൽ ചില അക്ഷരങ്ങൾ കാലഹരണപ്പെട്ടു പോകുമെങ്കിലും സ്വന്തമായ അക്കങ്ങളുടെയും അടയാളങ്ങളുടെയും വലിയ ശേഖരം മലയാളത്തിന് ഉണ്ടായിരുന്നെന്ന കാര്യം വിസ്മരിക്കരുതെന്നും അത് പുതു തലമുറയെ പരിചയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ പ്രഫ. സുജ സൂസൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സൗദി ചാപ്റ്റർ വിദഗ്‌ധ സമിതി ചെയർമാൻ ഡോ. മുബാറക്ക് സാനി അധ്യക്ഷത വഹിച്ചു. സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എം. നഈം, ഷംസു പൂക്കോട്ടൂർ, സിറാജ് കുറ്റിയാടി, വെന്നിയൂർ ദേവൻ, ഹാരിസ് കല്ലായി, ഡോ. കെ.ടി. മഖ്ബൂൽ, റസൽ കരുനാഗപ്പള്ളി, ഡോ. ജോ വർഗീസ്, അൻവർ ഷാ, സിബി തോമസ്, ഡോ. റെനീല പദ്‌മനാഭൻ, എ. ലീമ എന്നിവർ സംസാരിച്ചു. മലയാളം മിഷന്‍ രജിസ്ട്രാർ എം. സേതുമാധവൻ പാഠ്യപദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. മേഖല കോഓഡിനേറ്ററും ജിസാൻ സർവകലാശാല പ്രഫസറുമായ ഡോ. രമേശ് മൂച്ചിക്കൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.