മാതൃഭാഷാ പഠനത്തിലും പ്രചാരണത്തിലും മലയാളം മിഷൻറെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: മന്ത്രി എ.കെ.ബാലൻ
text_fieldsജിദ്ദ: ആഗോളതലത്തിൽ മലയാളികളെ ഭാഷാടിസ്ഥാനത്തിൽ കണ്ണിചേർത്തുകൊണ്ട് ലോകത്തിൻറെ നാനാ ഭാഗങ്ങളിലേക്കും മാതൃഭാഷാ പഠനവും സാംസ്കാരിക പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിൽ മലയാളം മിഷൻ ശ്‌ളാഘനീയമായ നേട്ടമാണ് കൈവരിച്ചതെന്നും സമീപകാല ചരിത്രത്തിൽ ഭാഷാ പ്രചാരണത്തിനും ഭാഷാവബോധത്തിനും ഇത്രയേറെ പ്രാധാന്യമേറിയ ഒരു കാലമുണ്ടായിട്ടില്ലെന്നും സാംസ്കാരിക, നിയമ മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ എ.കെ.ബാലൻ അഭിപ്രായപ്പെട്ടു.
മലയാളം മിഷൻറെ സൗദി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ജിദ്ദ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രവേശനോത്സവം ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വിദേശരാജ്യങ്ങളിലും രണ്ടു ഇന്ത്യൻ നഗരങ്ങളിലുമായി പേരിനു മാത്രം പ്രവർത്തിച്ചിരുന്ന മലയാളം മിഷൻ ഇന്ന് ലോകത്തെ 41 രാജ്യങ്ങളിലും 24 ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 45,000 അധികം പ്രവാസി മലയാളി വിദ്യാർത്ഥികൾ മാതൃഭാഷാ പഠനം നടത്തുന്ന ബ്രഹത്തായ ഭാഷാ-സാംസ്‌കാരിക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില സ്‌കൂളുകൾ മലയാളം പഠിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും കുട്ടികൾ മലയാളം സംസാരിച്ചാൽ ശിക്ഷിക്കുകയും ചെയ്‌തിരുന്ന പഴയകാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിയമ നിർമ്മാണത്തിലൂടെ മലയാളം നിർബന്ധമാക്കാൻ സർക്കാരിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളം മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ പ്രൊഫ. സുജ സൂസൻ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു.
ചലച്ചിത്ര ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. വി.കെ.റഊഫ്, മുസാഫിർ, ജലീൽ കണ്ണമംഗലം, താഹ കൊല്ലേത്ത്, എം.എം.നഈം, ഡോ. മുബാറക്ക് സാനി, വി.പി.മുഹമ്മദലി, ശ്രീകുമാർ മാവേലിക്കര, നസീർ വാവക്കുഞ്ഞ്, ബഷീർ പരുത്തിക്കുന്നൻ, എ.എം. അബ്ദുല്ല കുട്ടി, സലാഹ് കാരാടൻ, അബ്ദുൽ ലത്തീഫ്, സന്തോഷ് കാവുമ്പായി, ഷാനവാസ് കൊല്ലം, ഇസ്മായിൽ കല്ലായി, അബ്ദുൽ അസീസ് സലാഹി, ഉബൈദ് തങ്ങൾ, മുസാഫിർ പാണക്കാട്, സാജു അത്താണിക്കൽ, തോമസ് മാത്യു നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. ധന്യ, സിനി സാഗർ എന്നിവർ ഗാനം ആലപിച്ചു. ഐശ്വര്യ റോസ് ഷെൽജൻ, നദീർ നൗഫൽ, നാദിയ നൗഫൽ, അലോഷ അന്ന അനൂപ്, ശ്രീധന, മെഹ്‌റിൻ, ഹൃദു വൈക, ഹൃദു വേഗ, അലോന, എമി മാത്യു, സാറാ ജോസഫ്, ആഷ്‌ലി, നിവേദിത സജിത്ത് എന്നിവർ വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. റഫീഖ് പത്തനാപുരം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.