മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം; സൗദി ചാപ്റ്റർ മത്സരം ആഗസ്റ്റ് രണ്ടിന്
text_fieldsജിദ്ദ: മലയാളം മിഷൻ ഭരണസമിതി അംഗമായിരുന്ന കവയിത്രി സുഗതകുമാരിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദി ചാപ്റ്റർ തല മത്സരങ്ങൾ ആഗസ്റ്റ് രണ്ടിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കും പുതുതായി രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാം. ചാപ്റ്റർ തലത്തിലും ആഗോള തലത്തിൽ ഫൈനൽ മത്സരവുമായി രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായുള്ള മത്സരത്തിൽ യഥാക്രമം ചങ്ങമ്പുഴയുടെയും ബാലാമണിയമ്മയുടെയും ഇടശ്ശേരിയുടെയും കവിതകളാണ് മത്സരാർഥികൾ ചൊല്ലേണ്ടത്. അഞ്ച് മുതൽ 10 വയസ്സ് വരെ സബ് ജൂനിയര്‍ വിഭാഗവും 11 മുതല്‍ 16 വയസ്സു വരെ ജൂനിയർ വിഭാഗവും 17 മുതൽ 20 വയസ്സ് വരെ സീനിയർ എന്ന ക്രമത്തിലാണ് മത്സരം. 2024 ജനുവരി ഒന്നാം തീയതി പൂർത്തിയാകുന്ന പ്രായമാണ് കണക്കാക്കേണ്ടത്.
സൗദി ചാപ്റ്ററിൽനിന്ന് മൂന്നുവിഭാഗത്തിൽ നിന്നുള്ള ഒന്നാം സ്ഥാനക്കാർക്ക് ഫൈനലിൽ പങ്കെടുക്കാം. മൂന്നു വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ കാഷ് അവാർഡും സാക്ഷ്യപത്രവും നൽകും. പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും വിധിനിർണയിക്കുക.
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന മൂന്നു മത്സര വിഭാഗങ്ങളിലേയും വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രവും സമ്മാനവും നൽകുമെന്ന് മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്സൻ ഷാഹിദ ഷാനവാസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0500942167, 0582503001, 0509244982, 0533175898 എന്നീ വാട്ട്സാപ്പ് നമ്പറുകളിലോ മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഇ-മെയിൽ (mmissonksa@gmail.com) വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.