മക്കയിലെ മലയാളി മാലാഖമാർ...
text_fieldsലോക വിശ്വാസികളുടെ ആശാകേന്ദ്രമായ വിശുദ്ധ മക്ക വിശ്വാസികളാൽ നിബിഡമാണ്. തെരുവുകൾ, ഹറം പരിസരങ്ങൾ, ബസ് സ്റ്റേഷനുകൾ, അറഫ, മിനാ തുടങ്ങിയ ഇടങ്ങൾ ഹജ്ജിനുവേണ്ടി ഒരുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ഹാജിമാർക്ക് വിവിധ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഓരോ വർഷവും നടപ്പിൽ വരുത്തുന്നത്.
ഇത്തവണത്തെ ഹജ്ജ് പദ്ധതി വലിയ വിജയമായിരുന്നു. മത്വാഫ് വികസിപ്പിച്ചത് കൂടുതൽ പേർക്ക് അനായാസം കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ സൗകര്യമൊരുക്കി. ഏറ്റവും മികച്ച സേവനത്തോടൊപ്പം ഹാജിമാരുടെ സുരക്ഷക്കും മറ്റു സേവനങ്ങളും പ്രത്യേക സംവിധാനങ്ങളും കർമനിരതമായിരുന്നു. ഹറം പരിസരത്തും തെരുവുകളിലും കഠിന്യമായ ചൂടിൽനിന്ന് ആശ്വാസം ലഭിക്കാനായി സ്ഥാപിച്ച ജലധൂളികൾ പൊഴിക്കുന്ന ഫാനുകൾ ഹാജിമാർക്ക് വലിയ ആശ്വാസമായിരുന്നു.
സുരക്ഷിതമായും ഒരു പിഴവിനും ഇടനൽകാതെയും ഹജ്ജ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും സദി ഭരണകൂടത്തെ പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കുശേഷം ലോകത്തിന്റെ പല ദിക്കുകളിൽ നിന്നുവന്ന ഹാജിമാർക്ക് സേവനം ചെയ്യാനായി മക്കയിൽ മാലാഖമാരെപ്പോലെ നിരവധി മലയാളി സന്നദ്ധ സംഘങ്ങളുമുണ്ടായിരുന്നു. ഹാജിമാർ കർമവഴികളിലെല്ലാം സേവനസന്നദ്ധരായി അവരുണ്ടായിരുന്നു. വഴിതെറ്റുന്ന ഹാജിമാർക്ക് വഴികാട്ടിയായും അശരണവർക്ക് ആശ്വാസമായും സന്നദ്ധ സംഘങ്ങൾ സജീവമായി.
നടക്കാൻ പ്രയാസമനുഭവിക്കുന്ന ഹാജിമാർക്ക് വീൽചെയർ നൽകിയും താമസസ്ഥലത്ത് എത്താതെ വഴിതെറ്റി അലയുന്നവരെ താമസസ്ഥലത്ത് എത്തിച്ചുമൊക്കെ അവരുടെ സേവനപ്രവർത്തനങ്ങൾ നീണ്ടു. ഹാജിമാർക്ക് ചെരിപ്പ്, കുട, ദാഹശമന പാനീയങ്ങൾ എന്നിവ നൽകിയും അവർ താങ്ങും തണലുമായി.ചുവപ്പ്, പച്ച, മഞ്ഞ, നീല തുടങ്ങിയ വിവിധ വർണങ്ങളിലെ ജാക്കറ്റുകളും തൊപ്പികളുമണിഞ്ഞ് അവർ ഹറം പരിസരത്തും മിനായിലും അറഫയിലും അസീസിയയിലും നിറഞ്ഞു.
മക്ക, മദീന എന്നിവിടങ്ങളിൽ ആദ്യ ഹജ്ജ് സംഘം എത്തിയത് മുതൽ അവസാന ഹാജിയും കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതുവരെ ഈ നന്മമരങ്ങൾ വിവിധ ഷിഫ്റ്റുകളിലായി സേവനരംഗത്തുണ്ടാവും. ഇത്തവണ കെ.എം.സി.സി ഹജ്ജ് സെൽ, തനിമ, രിസാല സ്റ്റഡി സർക്കിൾ, ഒ.ഐ.സി.സി ഹജ്ജ് സെൽ, നവോദയ, വിഖായ, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, ഐവ തുടങ്ങി നിരവധി സംഘടനകൾ സന്നദ്ധസേവനവുമായി ഹാജിമാരെ സേവിക്കാൻ പുണ്യഭൂമിയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.