മലയാളി വ്യവസായി ജുബൈലിൽ മരിച്ചു
text_fieldsജുബൈൽ: പ്രവാസി വ്യവസായ പ്രമുഖനും കലാസാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനുമായ മലയാളി ജുബൈലിൽ മരിച്ചു. തിരുവന്തപുരം പോത്തൻകോട് സ്വദേശിയും ജുബൈൽ മുനവുറൽ ഇസ്ലാമി ട്രേഡിങ്ങ് എസ്റ്റാബ്ലിഷ്മെൻറ് ഉടമയുമായ രാധാകൃഷ്ണൻ നായർ (51) ആണ് മരിച്ചത്.
ഏതാനും ദിവസമായി ചെറിയ പനിയും അസ്വസ്ഥതയും ഉണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെ അവശത അനുഭവപ്പെടുകയും സുഹൃത്തിനെയും കൂട്ടി ജുബൈൽ അൽ-മന ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ ആണെന്ന് കണ്ടതിനെ തുടർന്ന് അവിടെ നിന്നും ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. കോവിഡ് സംബന്ധിച്ച് വൈകിട്ടുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
25 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന രാധാകൃഷ്ണൻ നായർ അറേബ്യൻ റോക്ക് സ്റ്റാർ എന്ന സംഘടനയുടെ നേതൃനിരയിലുള്ള പ്രവർത്തകനാണ്. 12 വർഷം മുമ്പാണ് സ്വന്തം കമ്പനി അറീഫിയ ഏരിയയിൽ ആരംഭിച്ചത്. കമ്പനി നല്ല നിലയിൽ വളരുകയും രാധാകൃഷ്ണൻ നായർ പൊതുസമൂഹത്തിൽ അറിയപ്പെടുകയും ചെയ്തു. കലാപ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന സൗമ്യ വ്യക്തിത്വമായിരുന്ന രാധാകൃഷ്ണൻ നായരുടെ അപ്രതീക്ഷിത മരണം ജുബൈലിലെ സാമൂഹിക പ്രവർത്തകരെയും വ്യവസായികളെയും ഞെട്ടിച്ചിരിക്കുകയാണ്.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: ശുഭ. മക്കൾ: സുധി, അക്ഷയ്, സിദ്ധാർത്ഥ്, നമിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.