മദ്യം കടത്തിയ കേസിൽ മലയാളിക്ക് 11 കോടിയോളം രൂപ പിഴ
text_fieldsദമ്മാം: ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് ട്രെയിലറിൽ മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം ഇന്ത്യൻ രൂപക്ക് തുല്യമായ പിഴ. ഒപ്പം നാടുകടത്തൽ ശിക്ഷയും. ഇത്തരം കേസിൽ സൗദിയിൽ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായി ഇത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. നാലു വർഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. മൂന്ന് മാസം മുമ്പാണ് ദമ്മാം കിങ് ഫഹദ് കോസ്വേയിൽ കസ്റ്റംസ് പരിശോധനക്കിടയിൽ ഇയാൾ നാലായിരത്തോളം മദ്യക്കുപ്പികൾ നിറച്ച ട്രെയിലറുമായി പിടിയിലായത്. ഷാഹുൽ മുനീറിനെ ജയിലിലടച്ചു. ട്രെയിലറിൽ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന് ഇയാൾ കോടതിയിൽ വാദിച്ചെങ്കിലും തെളിവുകൾ എതിരായതിനാൽ ശിക്ഷ വിധിക്കുകയായിരുന്നു.
പിടികൂടിയ മദ്യത്തിന്‍റെ അളവിനനുസരിച്ചാണ് പിഴ സംഖ്യ ഈടാക്കുന്നത്. ഇത്രയും ഭീമമായ തുക പിഴ അടച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും. പിഴയടച്ചാൽ സൗദി അറേബ്യയിൽ പുനഃപ്രവേശന വിലക്കോടെ നാടുകടത്തുകയും ചെയ്യും.
കോടതി വിധികേട്ട് പൊട്ടിക്കരയുകയായിരുന്നു പ്രതിയെന്ന് കോടതിയിലെ പരിഭാഷകനായ മുഹമ്മദ് നജാത്തി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അർബുദ ബാധിതനാണെന്നും സഹോദരന്‍റേതുൾപ്പെടെ ചികിത്സക്കായി സുഹൃത്തിന്‍റെ സഹായം തേടിയ താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും ഷാഹുൽ മുനീർ കരഞ്ഞുകൊണ്ട് കോടതിയോട് പറഞ്ഞു. എന്നാൽ പ്രത്യക്ഷ തെളിവുകൾ എതിരായതിനാലാണ് ഇത്രയും വലിയ തുക പിഴ വിധിച്ചതെന്നും നജാത്തി പറഞ്ഞു.
മദ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ തുക ശിക്ഷ വിധിക്കുന്നതെന്ന് നജാത്തി വ്യക്തമാക്കി. ഷാഹുൽ മുനീറിന്റെ അപേക്ഷ കേട്ട കോടതി ഒരു മാസത്തിനുള്ളിൽ അപ്പീൽ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ ആവശ്യപ്പട്ടു.
ദമ്മാമിലെ സെൻട്രൽ ജയിലിൽ നിലവിൽ ശിക്ഷയനുഭവിക്കുന്ന 180 ഓളം ഇന്ത്യക്കാരിൽ പകുതിയിലധികം ആളുകളും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരാണെന്ന് സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു. അതിൽ അധികവും ബഹ്റൈനിൽ നിന്ന് മദ്യം കടത്തുന്നതിനിടെ പിടിക്കപ്പെട്ടവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.