മലയാളി ഇടപെടൽ: യു.പി സ്വദേശിയുടെ മൃതദേഹം നാലു മാസത്തിനുശേഷം നാട്ടിലേക്ക്
text_fieldsറിയാദ്: നാലുമാസം മുമ്പ് ഹാഇലിലെ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി കേദാർനാഥിെൻറ (46) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ ഇടപെടലാണ് ഇതിന് സഹായമായത്. ഉത്തർ പ്രദേശ് ഗോരഖ്‌പുർ ജില്ലയിലെ താക്കൂർപുർ ഗ്രാമത്തിൽ രാം നെയ്ൻ-സനിചരി ദേവി ദമ്പതികളുടെ മകനായ കേദാർനാഥ് 10 വർഷത്തോളമായി ഹാഇലിലെ അൽ ഗായിദ് എന്ന സ്ഥലത്തെ തോട്ടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായാണ് മരണം. രണ്ടു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. എന്നാൽ, തൊഴിലുടമ തെൻറ കീഴിൽനിന്ന് ഒളിച്ചോടിപ്പോയെന്ന് സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിൽ പരാതിപ്പെടുകയും കേദാർനാഥിനെ 'ഹുറൂബ്' എന്ന നിയമപ്രശ്നത്തിലാക്കുകയും ചെയ്തു.
ജോലിയിൽനിന്ന് ഒാടിപ്പോകാതിരിക്കാനുള്ള സ്പോൺസറുടെ തന്ത്രമായിരുന്നു അത്. ശേഷം കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ തുടങ്ങി. അതിെൻറ പ്രയാസത്തിനിടയിൽ ഭാര്യ കമലാവതി ദേവി അസുഖബാധിതയായി നാട്ടിൽ മരിച്ച വിവരം കൂടി എത്തിയതോടെ കേദാർനാഥ് മാനസികമായി തളർന്നു. 'ഹുറൂബ്' കാരണമുള്ള യാത്രാവിലക്കിൽപെട്ട് ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ കഴിഞ്ഞതുമില്ല. തൊഴിലുടമയോട് യാത്രാവിലക്ക് മാറ്റിത്തരാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കടുത്ത മാനസികപ്രയാസത്തിൽ കഴിയവെയാണ് കേദാർനാഥിനെ മരണം പിടികൂടുന്നത്.
ഹാഇലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കേദാർനാഥിെൻറ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം ആരും ഏറ്റെടുക്കാനില്ലാതെ വൈകുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ ചാൻസ് റഹ്മാൻ, സോഷ്യൽ ഫോറം ഹാഇൽ ബ്ലോക്ക് പ്രസിഡൻറ് എൻ.കെ. റഊഫ്, മുഹമ്മദ് ഷാൻ എന്നിവർ ഇന്ത്യൻ എംബസിയെ സമീപിച്ച് മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ചെലവ് വഹിക്കാമെന്ന് ഇന്ത്യൻ എംബസി സമ്മതിച്ചു.
ഹാഇലിൽനിന്ന് റിയാദ് എയർപോർട്ടിലെത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ ലഖ്നോവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയി. എസ്.ഡി.പി.ഐ ഉത്തർപ്രദേശ് ഘടകം ഭാരവാഹികളും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി 250 കിലോമീറ്റർ അകലെയുള്ള താക്കൂർപൂരിലെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.