മലയാളിയുടെ അക്കൗണ്ടിലുള്ള 7810 റിയാൽ നഷ്ടമായി; പ്രവാസികളെ പറ്റിക്കാൻ ബാങ്കിങ് തട്ടിപ്പ് വ്യാപകം
text_fieldsയാംബു: സൗദിയിൽ പ്രവാസികളുടെ ബാങ്കിങ് വിശദാംശങ്ങൾ കൈക്കലാക്കിയുള്ള തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി റിപ്പോർട്ട്. ബാങ്കിങ് അപ്‌ഡേറ്റിങിനായി അക്കൗണ്ട് നമ്പറും എ.ടി.എം പിൻനമ്പറും വേണമെന്നാവശ്യപ്പെട്ടാണ് ഫോൺ കോളുകൾ വരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഫോൺ വിളിക്കുന്നത്.
കഴിഞ്ഞ ദിവസം യാംബുവിലുള്ള കോട്ടയം സ്വദേശിയുടെ അക്കൗണ്ടിലുള്ള 7,810 റിയാൽ ആണ് തട്ടിപ്പിലൂടെ നഷ്ടമായത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇദ്ദേഹം എ.ടി.എം കാർഡിന്റെ വിവരങ്ങളും ഫോണിലേക്ക് വന്ന ഒ.ടി.പി അടക്കം കൈമാറിയത്. നിമിഷങ്ങൾക്കകം അക്കൗണ്ട് കാലിയായപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം അറിഞ്ഞത്.
ബാങ്കിങ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ മരവിപ്പിക്കുമെന്നും പുതിയ നിയമമാണിതെന്നുമാണ് ഫോൺ ചെയ്യുന്ന തട്ടിപ്പുകാർ പറഞ്ഞു ഫലിപ്പിക്കുക. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളെല്ലാം ഇവർ അനായാസം സംസാരിക്കും. മൊബൈൽ കാളിങ് ആപ്പുകൾ വഴിയും ചിലർക്ക് ഇത്തരത്തിലുളള തട്ടിപ്പ് കോളുകൾ എത്തിയിരുന്നു. സാധാരണഗതിയിൽ ഇഖാമ പുതുക്കിയാൽ നേരിട്ട് ബാങ്കിൽ എത്തിയോ ഓൺലൈൻ വഴിയോ ആണ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. ഇതേ സേവനത്തിനാണ് ബാങ്കുകളിൽ നിന്ന് നേരിട്ട് വിളിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ പറ്റിക്കുന്ന പണി വ്യപകമായി നടക്കുന്നത്. ഒരാളുടെ അക്കൗണ്ട് നമ്പറും എ.ടി.എം പിൻ നമ്പറും ലഭിച്ചാൽ പണം പിൻവലിക്കാൻ ഈ തട്ടിപ്പു സംഘത്തിന് കഴിയും.
ബാങ്കുകളിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ച് ആരും വിളിക്കില്ലെന്നും ബാങ്കിന്റെ പേരിൽ വ്യപകമായി വിളിക്കുന്ന വ്യാജ കോളുകൾ കരുതിയിരിക്കണമെന്നും എല്ലാ ബാങ്ക് അധികൃതരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാങ്കുകളിൽ നിന്ന് വ്യക്തിവിവരങ്ങൾ ചോദിച്ച് ആരും വിളിക്കില്ലെന്ന സാമാന്യബോധം എല്ലാവർക്കും വേണമെന്ന് സാമൂഹിക പ്രവർത്തകരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. ബാങ്ക് വിവരങ്ങൾ ഫോൺ വഴി ആര് ചോദിച്ചാലും നൽകരുതെന്നും ബാങ്കിലേക്ക് നേരിട്ട് വരാമെന്ന് അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമന്നും സംശയം തോന്നുന്ന ഫോൺ നമ്പറുകൾ ശ്രദ്ധിക്കുകയും അധികൃതർക്ക് അവ കൈമാറണമെന്നും പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.