അവധിയിൽ പോയ യാംബുവിലെ മലയാളി നഴ്‌സ് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു
text_fieldsയാംബു: അവധിയിൽ പോയ യാംബുവിലെ മലയാളി നഴ്‌സ് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു. യാംബു അൽ അൻസാരി സ്‌പെഷലിസ്റ്റ് ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന എറണാകുളം കോതമംഗലം കോഴിപ്പിള്ളി സ്വദേശി ജൂണോ കുര്യാക്കോസ് (35) എന്ന യുവാവാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കിടെ മരിച്ചത്. യാംബു അൻസാരി ആശുപത്രിയിൽ തന്നെ ജോലി ചെയ്തിരുന്ന ഭാര്യ അനിത പ്രസവാവധിയിൽ ഒക്ടോബറിൽ നാട്ടിൽ പോയിരുന്നു.
ജൂണോ കുര്യാക്കോസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. ഈ മാസം 24 നാണ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടിരുന്നത്. കൊച്ചി രാജഗിരി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. അടുത്ത മാസം കുടുംബത്തോടൊപ്പം യാംബുവിലേക്കു മടങ്ങാനിരിക്കെയുണ്ടായ അപകട മരണം യാംബുവിലെ പ്രവാസികൾക്കിടയിൽ ഏറെ നോവുണർത്തി. നാല് വർഷത്തോളമായി യാംബു അൽ അൻസാരി ആശുപത്രിയിൽ സേവനം ചെയ്തിരുന്ന ഇദ്ദേഹം ആശുപത്രിയിലെത്തുന്ന മലയാളികൾക്കും മറ്റും നല്ല സേവനം നൽകുന്നതിൽ എന്നും മുമ്പിലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കോവിഡ് തുടക്ക കാലത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്ന ആതുര സേവനമാണ് ഈ നഴ്‌സ് ദമ്പതികൾ കാഴ്ചവെച്ചിരുന്നതെന്ന് ജിദ്ദ നവോദയ യാംബു ഏരിയ സെക്രട്ടറി അജോ ജോർജ് പറഞ്ഞു. നവോദയ ആർ.സി യൂനിറ്റ് പ്രവർത്തകൻ കൂടിയായിരുന്നു ജൂണോ കുര്യാക്കോസ്. കുര്യാക്കോസ് എന്ന കുഞ്ഞിമോൻ ആണ് പിതാവ്, മാതാവ്: കുഞ്ഞുമോൾ, മക്കൾ: ഇമ്മാനുവേൽ ജൂണോ, ബേസിൽ ജൂണോ, സഹോദരി: ജീത്തൂ കുര്യാക്കോസ്. മൃതദേഹം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കോതമംഗലം മർത്തറിയം കത്തീഡ്രൽ വലിയ പള്ളിയിൽ സംസ്‌കരണം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.