സൗദി പൗരെൻറ കാരുണ്യപരമായ ഇടപെടലിൽ മലയാളിക്ക് ജയില്‍ മോചനം
text_fieldsറിയാദ്: വാഹനാപകട കേസിൽ ഒന്നരവർഷമായി വാദിദവാസിറിൽ ജയിൽവാസം അനുഭവിക്കുകയായിരുന്ന മലയാളി യുവാവ് സൗദി പൗരെൻറ കാരുണ്യപരമായ ഇടപെടലിൽ മോചിതനായി. ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ കൂടി സഹായത്തോടെ മലപ്പുറം തിരുന്നാവായ ഇടക്കുളം സ്വദേശി ചെറുപറമ്പിൽ നൗഫലിനാണ് ജീവിതം തിരിച്ചുകിട്ടിയത്.
2019 ആഗസ്റ്റിലായിരുന്നു വാഹനാപകടം. ഏഴു സ്വദേശി വനിതകളെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരണപ്പെടുകയും മറ്റുള്ളവർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ചിരുന്ന നൗഫൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമ പ്രകാരം ജലയിലിലായി.
വാഹനത്തിന് ഇൻഷുറൻസ് ഇല്ലാതിരുന്നതാണ് കാരണമായത്. കോവിഡ് പശ്ചാതലത്തിൽ കേസ് നടപടികൾ നീണ്ടു. ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ഇൻ ചാർജ് അബ്ദുൽ ലത്തീഫ് മാനന്തേരി ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ അപേക്ഷ നൽകി. പ്രവിശ്യാ അമീറിെൻറ കാര്യാലയം ഇടപെട്ട് കേസ് വേഗത്തിലാക്കി. ഒടുവിൽ കോടതി നൗഫലിനെ കുറ്റവിമുക്തനാക്കി. എന്നാൽ മരിച്ച സ്വദേശിവനിതയുടെ കുടുംബത്തിനും പരിക്കേറ്റ മറ്റു വനിതകൾക്കുമുള്ള നഷ്ടപരിഹാരം നൽകാതെ ജായിൽ മോചനം സാധ്യമായിരുന്നില്ല. നൗഫലിെൻറ സ്പോൺസർ സഹകരിക്കാത്തതിനാൽ ജാമ്യം ലഭിക്കാതെയുമായി.
നൗഫലിെൻറയും കുടുംബത്തിെൻറയും പരാധീനതകൾ പരിക്കേറ്റവരുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് അവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം വേണ്ടെന്ന് കോടതിയെ അറിയിച്ചു. എന്നാൽ മരിച്ച വനിതയുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി ഒന്നരലക്ഷം റിയാല്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. എന്നാൽ ഇൗ തുക നൗഫലിന് ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. അതോടെ തുക സ്വരൂപിക്കാൻ സോഷ്യല്‍ ഫോറം നീക്കം നടത്തുകയായിരുന്നു. അവർ സ്വദേശി പൗരന്മാരെ കാര്യങ്ങൾ ബോധിപ്പിക്കുകയും പ്രദേശത്തെ പൗരപ്രമുഖരുടെ സഹായത്തോടെ മരിച്ച സ്ത്രീയുടെ ബന്ധുക്കളെ നേരിൽ കണ്ട് നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഒടുവിൽ നഷ്ടപരിഹാരം 80,000 റിയാലായി കുറയ്ക്കാൻ കുടുംബ തയ്യാറായി.
രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. വീണ്ടും സ്വദേശി പ്രമുഖരുടെ ഇടപെടലുകള്‍ മൂലം 60,000 റിയാലായി കുറയ്ക്കാൻ കുടുംബം തയ്യാറായി. പ്രദേശത്തെ ഒരു സൗദി പൗരൻ ഇതിൽ 45,000 റിയാല്‍ നൽകിയതാണ് വഴിത്തിരിവായത്. നൗഫലിെൻറ സഹോദരി ഭര്‍ത്താവും സോഷ്യൽ ഫോറം വെൽഫെയർ വിഭാഗവും ബാക്കി തുകയായ 15,000 റിയാൽ കണ്ടെത്തുകയും അത് കുടുംബത്തിന് നൽകി കേസ് ഒത്തുതീർപ്പാക്കുകയുമായിരുന്നു. കേസിെൻറ ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് ശൈഖ് മുബാറക് ഇബ്രാഹിം ദോസരി നേതൃത്വം നൽകി. സോഷ്യൽ ഫോറം വാദിദവാസിർ ബ്ലോക്ക് പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ തിരുനാവായ, സെക്രട്ടറി സൈഫുദ്ദീൻ ആലുവ, താജുദ്ദീൻ അഞ്ചല്‍, സൈഫുദ്ദീൻ കണ്ണൂര്‍ എന്നിവര്‍ നിയമ സഹായത്തിനും മറ്റു നടപടികൾക്കുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.