കള്ളക്കേസിൽ ജയിലിലായ മലയാളിക്ക് മോചനം
text_fieldsറിയാദ്: സ്വദേശി പൗരെൻറ കള്ളക്കേസിൽപെട്ട് ജയിലിലായ മലയാളിക്ക് ഒടുവിൽ മോചനം. തുടർച്ചയായ അഞ്ചുവർഷത്തെ നിയമപോരാട്ടം വിജയിച്ച് നിരപരാധിത്വം തെളിഞ്ഞ് കൊല്ലം കടയ്ക്കൽ വട്ടത്താമര സ്വദേശി ചിറയത്ത് വീട്ടിൽ അനിന്ത് ശശിധരൻ (54) ആണ് നാടണഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഹൗസ് ഡ്രൈവറായി സൗദിയിൽ എത്തിയതായിരുന്നു അനിന്ത് ശശിധരൻ.
2016 ഒക്ടോബറിൽ അനിന്തിെൻറ ഭാര്യാപിതാവ് സുരേഷ് ബാബു സൗദിയിൽ അൽഖർജിൽവെച്ച് മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കാനായി രേഖകൾ തയാറാക്കുന്നതിനെന്ന് പറഞ്ഞ് സുരേഷ് ബാബുവിെൻറ സ്പോൺസറുടെ മകൻ അറബിയിൽ തയാറാക്കിയ ചില പേപ്പറുകൾ അനിന്തിൽനിന്ന് ഒപ്പിട്ടുവാങ്ങുകയായിരുന്നു.
ഇങ്ങനെ ഒപ്പിട്ടുനൽകിയ പേപ്പറുകളാണ് അനിന്തിന് വിനയായത്. സുരേഷ് ബാബുവിെൻറ സ്പോൺസറുടെ മകനും അനിന്തും തമ്മിൽ ഭീമമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും അത് ലഭിക്കണമെന്നും കാണിച്ച് സ്പോൺസറുടെ മകൻ വ്യാജ പരാതി നൽകി കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത അനിന്തിനെ കോടതിയിൽ ഹാജരാക്കി. സ്വദേശി പൗരനോടൊപ്പം കൊല്ലം സ്വദേശിയായ മറ്റൊരാളും വ്യാജമൊഴി നൽകിയതോടെ കേസ് മുറുകി. ഹർജിക്കാരെൻറ പണം മടക്കിനൽകി സാമ്പത്തിക ഇടപാട് തീർക്കാൻ കോടതി ഉത്തരവിട്ടു.
എന്നാൽ, പണം നൽകാനാകാത്തത് കാരണം ജയിലിലായി. ദുരിതത്തിലായ അനിന്തിെൻറ ദയനീയാവസ്ഥ മനസ്സിലാക്കിയ ഡോ. ഷിബു, പാസ്റ്റർ ബിജു എന്നിവർ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂരിെൻറ സഹായം തേടുകയായിരുന്നു.
അനിന്തിെൻറ കുടുംബം ചുമതലപ്പെടുത്തിയതനുസരിച്ച് സിദ്ദീഖ് വിഷയത്തിൽ ഇടപെടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. അവസാനത്തെ ഹിയറിങ്ങിലാണ് അറ്റൻഡ് ചെയ്തതെങ്കിലും കോടതി രേഖകൾ പരിശോധിച്ച് അനിന്തിെൻറ നിരപരാധിത്വം തെളിയിക്കാൻ സൗദി വക്കീൽ ഉസാമ അൽഅംബർ വഴി അപ്പീൽ നൽകി. ഈ കാലയളവിൽ വിവിധ ഓഫിസുകൾ കയറിയിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സിദ്ദീഖ് തൂവൂർ അൽഖർജ് ഗവർണറെ നേരിട്ട് കാണുകയും നിയമസഹായം അഭ്യർഥിക്കുകയും ചെയ്തു.
അഞ്ചുവർഷം നീണ്ട നിയമപോരാട്ടം വിജയിച്ച് ജയിൽമോചിതനായ അനിന്ത് ശശിധരൻ നാട്ടിലേക്ക് മടങ്ങി. പേപ്പറുകളിൽ ഒപ്പിട്ടുനൽകുന്ന രേഖകൾ സൗദിയിലെ കോടതികൾ തെളിവായി സ്വീകരിക്കുമെന്നും അത് കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഇടയാക്കുമെന്നും അതിനാൽ പേപ്പറുകളിൽ ഒപ്പിടുന്നത് ശ്രദ്ധാപൂർവമാകണമെന്നും സിദ്ദീഖ് തൂവൂർ പറഞ്ഞു. അനിന്ത് ശശിധരെൻറ നിയമപോരാട്ടത്തിന് അൽഖർജ് ഗവർണർ ഓഫിസ്, നാസിരിയ്യ ട്രാഫിക്, നാസിഫ പൊലീസ് സ്റ്റേഷൻ എന്നിവയുടെ സഹായവും ലഭിച്ചു.
നടപടികൾക്ക് ഒസാമ അൽഅംബർ, സിദ്ദീഖ് തൂവൂർ, സാമൂഹികപ്രവർത്തകൻ നാസ് വക്കം, ഡോ. ഷിബു, ബിജു, യൂസഫ്, വെങ്കിടേഷ് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.