വീട്ടുവാടക കുടിശ്ശിക: ജയിലിലായ മലയാളി മോചിതനാവുന്നു
text_fieldsജുബൈൽ: വ്യവസായം തകർന്ന് കടം കയറിയതിനെ തുടർന്ന് വീട്ടുവാടക കൊടുക്കാൻ കഴിയാതെ ജയിലിൽ അടക്കപ്പെട്ട മലയാളി ഉടൻ മോചിതനാവും. റോഡിെൻറ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് ചെയ്തിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീകുമാറാണ് മൂന്നര വർഷത്തെ വീട്ടുവാടക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ജുബൈൽ ജയിലിലായത്. നിരവധി തവണ നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും കുടിശ്ശിക തീർക്കാനാവാത്തത് മൂലം കെട്ടിട ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. വാടക ഇനത്തിൽ ഇയാൾ നൽകാനുള്ള 82,500 റിയാൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച് നൽകിയതിനെ തുടർന്നാണ് മോചനം സാധ്യമായത്. ശ്രീകുമാറിെൻറ ദുരവസ്ഥ അറിഞ്ഞ ദമ്മാമിലുള്ള തിരുവല്ല ഒാതിറ സ്വദേശി ജോൺസൺ 30,000 റിയാൽ നൽകി. ബാക്കി തുക സജി കരീപ്ര, ഷൈകി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു. കുടിശ്ശിക തീർത്തതിെൻറ രസീതി കോടതിയിൽ സമർപ്പിച്ച് നടപടികൾ പൂർത്തിയായാൽ ഇന്നോ നാളെയോ മോചനമുണ്ടാവും.
14 വർഷമായി ജുബൈലിൽ ഉള്ള ശ്രീകുമാർ സ്വന്തമായി ഉണ്ടായിരുന്ന ആറ് തൊഴിലാളികളെ ഉപയോഗിച്ച് റോഡിെൻറ നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തി വരുകയായിരുന്നു. കമ്പനി നല്ല നിലയിൽ പ്രവർത്തനം തുടരവേ ജോലിക്കിടയിൽ റഹിമയിൽ വെച്ചുണ്ടായ അപകടം ശ്രീകുമാറിെൻറ ജീവിതം കീഴ്മേൽ മറിച്ചു. നിർമാണ ആവശ്യാർഥം വാടകക്ക് എടുത്ത ഒരു ഹെവി വെഹിക്കിളിൽ സ്വദേശി സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. കേസ് അന്വേഷണത്തിനിടെയാണ് ഹെവി വെഹിക്കിളിെൻറ ലൈസൻസ് കഴിഞ്ഞിരുന്ന കാര്യം അറിയുന്നത്. തുടർന്ന് 1.25 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകേണ്ടി വന്നു. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാനാവാത്തതിനാൽ പണം കിട്ടിയില്ല. തൊഴിലാളികൾക്ക് ശമ്പളവും കുടിശ്ശികയായി. ഓഫീസ് വാടകയും വീട്ടുവാടകയും നൽകാനാവാതെ പ്രതിസന്ധി രൂക്ഷമായി.
പൂർത്തിയാക്കിയ ജോലികളുടെ പണം കിട്ടുമെന്ന വിശ്വാസത്തിൽ ഇത്രനാൾ പിടിച്ചുനിന്നു. പിന്നീട് ജോലിക്കാരെ വേറെ കമ്പനികൾക്ക് നൽകി. കുടുംബത്തെ നാട്ടിലയച്ചു. കെട്ടിട ഉടമ നേരത്തെ നൽകിയ പരാതിയെ തുടർന്ന് മാസം 10,000 വീതം നൽകി കുടിശ്ശിക തീർക്കാമെന്ന് ധാരണയായിരുന്നു. അതും ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പിടിയിലായത്. കടം തീർക്കാൻ കിടപ്പാടം വിറ്റതുമൂലം കുടുംബം നാട്ടിൽ വാടക വീട്ടിലാണ് താമസം. ശ്രീകുമാറിെൻറ പ്രശ്നം ‘ഗൾഫ് മാധ്യമ’മാണ് സമൂഹ ശ്രദ്ധയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.