ബംഗ്ലാദേശി യുവാവിന് തുണയായി മലയാളി സാമൂഹിക പ്രവർത്തകൻ
text_fieldsദമ്മാം: മാനസിക നിലതെറ്റി തെരുവിൽ ഒടുങ്ങുമായിരുന്ന ഒരു യുവാവിന് മലയാളി സാമൂഹിക പ്രവർത്തകന്റെ കാരുണ്യം തുണയായി.ബംഗ്ലാദേശിലെ ധാക്ക സ്വദേശി ശഖീബ് മീയാ (22) നാണ് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടൽ സഹായകമായത്. മനസ്സിന്റെ സമനില തെറ്റി ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ എത്തിപ്പെട്ട ശഖീബ് മിയാൻ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ ജയിലിലടക്കുന്നത് ഉചിതമല്ലെന്ന് തിരിച്ചറിഞ്ഞ വിമാനത്താവള പൊലീസ് മേധാവി ക്യാപ്റ്റൻ സൽമാൻ അൽ ഖഹ്താനി ഇയാളെ നാസ് വക്കത്തിനെ ഏൽപിക്കുകയായിരുന്നു.
വിമാനത്താവള പൊലീസ് സ്റ്റേഷനിൽ നിന്നും ശഖീബ് മിയാനെ സ്വന്തം ഉത്തരവാദിത്തത്തിൽ ഏറ്റുവാങ്ങി താമസ സ്ഥലത്തെത്തിച്ച് നാസും സഹപ്രവർത്തകരും ഇദ്ദേഹത്തെ പരിചരിച്ചു. കൃത്യമായ മരുന്നും ഭക്ഷണവും കിട്ടിയതോടെ രോഗം അൽപം ഭേദപ്പെട്ടപ്പോൾ ഇയാളെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.
ഒരു വർഷം മുമ്പാണ് ഇയാൾ റിയാദിൽ കമ്പനിയിൽ ശുചീകരണ ജോലിക്കായി എത്തപ്പെട്ടത്. ആറുമാസം മാത്രമാണ് കമ്പനിയിൽ ജോലി ചെയ്യാനായത്. ഇതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാൾ കമ്പനിയിൽ നിന്നും ഇറങ്ങിപ്പോയി.
ഇടക്കിടെ മറ്റു ജോലികളിൽ ഏർപ്പെട്ടിരുന്നതായി ശഖീബ് പറഞ്ഞു. എന്നാൽ ദമ്മാമിൽ എത്തിപ്പെട്ടത് എങ്ങനെയെന്ന് ഓർമയില്ല. ദമ്മാമിൽ റോഡിൽ അലയുകയായിരുന്ന തന്നെ പൊലീസ് പിടികൂടി അൽ അമൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. രണ്ട് മാസത്തോളം ഇവിടെ ചികിത്സയിലായിരുന്നു.
അവിടെ നിന്നും പുറത്തിറങ്ങിയ ഇയാൾ നാട്ടിൽ പോകാനാണ് വിമാനത്താവളത്തിൽ എത്തപ്പെട്ടത് പവർ അറ്റ്ലസ്സ് എന്ന സ്ഥാപനമാണ് ശഖീബിനുള്ള വിമാന ടിക്കറ്റ് നൽകിയത്.
തന്റേതല്ലാത്ത കാരണത്താൽ ജയിലിലും തർഹീലിലുമായി കഴിയേണ്ടി വന്ന മഹാരാഷ്ട്ര, രത്നഗിരി സ്വദേശി ആസിഫ് റഫീഖും നാസ് വക്കത്തിന്റെ സഹായത്തോടെ നാടണഞ്ഞു. ആറു വർഷമായി ബഹ് റൈനിൽ ഹൗസ് ൈഡ്രവറായി ജോലി ചെയ്തു വരുകയായിരുന്നു ഈ യുവാവ്. സ്പോൺസറുടെ സൗദിയിലുള്ള കൃഷിയിടത്തിൽ മറ്റൊരു തൊഴിലാളിയുമായി വാഹനത്തിൽ വരവേ കിങ് ഫഹദ് കോസ് വേയിൽ വെച്ച് വാഹന പരിശോധനയിൽ മദ്യം കണ്ടെത്തിയതിനെ തുടർന്ന് പിടിയിലാവുകയായിരുന്നു.
മദ്യക്കടത്ത് ആരോപിച്ച് ആറുമാസത്തോള ദമ്മാം ജയിലിടക്കപ്പെട്ടെങ്കിലും മദ്യം കടത്തിയത് താനല്ലെന്നു കൂടെയുണ്ടായിരുന്ന ആളായിരുന്നുവെന്നും അധികൃതർക്ക് ബോധ്യപ്പെട്ടതോടെ മോചനത്തിനു വഴി തെളിയുകയായിരുന്നു. എന്നാൽ സൗദിയിലെ വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇയാളെ തർഹീലിലേക്കു മാറ്റി. തർഹീലിൽ നിന്നും നാസ് വക്കം ജാമ്യത്തിറക്കി വീട്ടിലെത്തിച്ച ശേഷം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കയറ്റി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.