ആർദ്ര സംഗീതാനുഭവം പകർന്ന് മലയാളി സമാജം 'ഗസൽ രാവ്'
text_fieldsസൗദി മലയാളി സമാജം സംഘടിപ്പിച്ച ഗസൽ രാവിൽനിന്ന്
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ഘടകം ഒരുക്കിയ 'ഗസൽരാവ്' ആർദ്രസംഗീതത്തിന്റെ മാസ്മരികാനുഭവം സമ്മാനിച്ചു. മഹാമാരിയുടെ ഭീതിദമായ നാളുകളിൽനിന്ന് മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സമാജം ഒരുക്കിയ കഥാസന്ധ്യക്കും കാവ്യസന്ധ്യക്കും ശേഷമാണ് 'ഗസൽ രാവ് അരങ്ങേറിയത്. എഴുത്തും വായനയും സംഗീതവും സിനിമയും ഇഷ്ടപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ കലാസ്നേഹികൾക്കായി ഒരുക്കിയ ഗസൽരാവ് ആസ്വാദകർക്ക് ഏറെ ഹൃദ്യവും അവിസ്മരണീയവുമായി.
അതിഥികളായി പങ്കെടുത്ത സുബൈർ ഉദിനൂർ, പ്രവീൺ വല്ലത്ത്, മൂസക്കോയ, ഹലീം ഡൽഹി എന്നിവർ സംസാരിച്ചു. ഖദീജ ഹബീബിന്റെ നേതൃത്വത്തിൽ നടന്ന 'മധുരം മലയാളം' മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു. ശേഷം നടന്ന ഗസൽ മഴക്ക് റഊഫ് ചാവക്കാട് നേതൃത്വം നൽകി. ലതാ മങ്കേഷ്‌കർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് അവരുടെ എക്കാലത്തെയും സൂപ്പർ ഹിറ്റായ 'ലഗ്ജാദലേ...' എന്ന ഗാനമാലപിച്ചുകൊണ്ടായിരുന്നു ഗസൽ രാവിന്റെ തുടക്കം.
റഊഫ് അണ്ടത്തോട്, അരവിന്ദ് വടകര, പ്രമോദ് പൊന്നാനി, ഷെബീർ കേച്ചേരി, അനസ്, ഷിബിൻ ആറ്റുവ, എം.സി. വിനോദ് എന്നിവർ ഗസലുകൾ ആലപിച്ചു. അസ്ഹറുദ്ദീൻ, ആതിര ലിയോ എന്നിവർ കവിതകൾ ആലപിച്ചു. വർത്തമാനകാല സംഭവങ്ങളെ കോർത്തിണക്കി സഫീർ കുണ്ടറയുടെ ഏകാംഗപ്രകടനവും അരങ്ങേറി.സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ എന്നിവർ സമാജത്തിന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബിനു കുഞ്ഞ് സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.