പക്ഷാഘാതമുണ്ടായി സംസാരശേഷി നഷ്ടപ്പെട്ട മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: കോവിഡിനെ തുടർന്ന് പക്ഷാഘാതമുണ്ടാവുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത മലയാളിയെ പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചടയമംഗലം സ്വദേശി ഖാദർ കുട്ടി ഹംസ (62) ആണ് സുമനസ്സുകളുടെ ഇടപെടലിനാൽ നാടണഞ്ഞത്. റിയാദിൽനിന്ന് 180 കിലോമീറ്റർ അകലെ മറാത്ത് എന്ന പ്രദേശത്ത് 16 വർഷമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കോവിഡ് പിടിപെട്ടതിനെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടയിൽ പക്ഷാഘാതമുണ്ടാവുകയും സംസാരശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു.
രണ്ടു മാസത്തോളം ശുമൈസി ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹത്തിെൻറ അവസ്ഥ ആശുപത്രിയിലെ മലയാളി ജീവനക്കാർ പ്ലീസ് ഇന്ത്യയുടെ ചെയർമാൻ ലത്തീഫ് തെച്ചിയെ അറിയിക്കുകയായിരുന്നു.
പ്രാഥമിക ആവശ്യങ്ങൾക്കുപോലും പരസഹായം ആവശ്യമായ ഇദ്ദേഹത്തിനുവേണ്ടി പ്ലീസ് ഇന്ത്യ പ്രത്യേക വളൻറിയർ ഗ്രൂപ് രൂപവത്കരിക്കുകയും ചെയ്തു. ശരീരം പൂർണമായും തളർന്ന് അവശനായ ഇദ്ദേഹത്തിന് സ്ട്രെച്ചറിെൻറ സഹായത്തോടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ എന്നത് ഏറെ പ്രയാസമുണ്ടാക്കി. സ്ട്രെച്ചർ രോഗിയോടൊപ്പം സഹയാത്രികൻകൂടി വേണമെന്ന വിമാന കമ്പനികളുടെ തീരുമാനവും യാത്രക്ക് വിലങ്ങായി.
ഒടുവിൽ പ്ലീസ് ഇന്ത്യയുടെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ എയർ ഇന്ത്യ യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകനായ പുളിമൂട്ടിൽ ഉണ്ണിയുടെ സഹായത്തിൽ തിരുവനന്തപുരം സ്വദേശി സജാദിനെ സഹയാത്രികനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് ഇദ്ദേഹത്തെ യാത്രയാക്കി. ലത്തീഫ് തെച്ചി, അൻഷാദ് കരുനാഗപ്പള്ളി, സഫീർ താഹ ആലപ്പുഴ തുടങ്ങിയവർ യാത്രനടപടികൾക്ക് നേതൃത്വം നൽകി.തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയിലേക്ക് തുടർചികിത്സക്കായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.