സൗദി ക്ലബ് അൽ അഹ്ലിക്കായി മലയാളി ബാലൻ എയ്സാൻ ബൂട്ടണിയും
text_fieldsറിയാദ്: സൗദി പ്രൊ ലീഗിലെ പ്രമുഖ ക്ലബുകളിലൊന്നായ അൽ അഹ്ലിയുടെ 10 വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമിലേക്ക് സെലക്ഷൻ നേടിയിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ ഒമ്പതുകാരൻ എയ്സാൻ അനസ് അബ്ദുൽ ഷുക്കൂർ. കഴിഞ്ഞ മേയ് മാസം നടന്ന സെലക്ഷൻ ട്രയൽസിൽ അണ്ടർ 10 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് എയ്സാൻ ടീമിലിടം നേടിയത്. വരും മാസങ്ങളിൽ നടക്കുന്ന സൗദി പടിഞ്ഞാറൻ പ്രവിശ്യാതല മത്സരങ്ങൾക്കുള്ള അൽ അഹ്ലി പരിശീലന ക്യാമ്പിലാണ് ഇപ്പോൾ ഈ മിടുക്കൻ.
അൽ ഇത്തിഹാദ്, അൽ അഹ്ലി തുടങ്ങിയ സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സ്പോർട്സ് ടീമുകളാണ് പ്രവിശ്യാതല മത്സരങ്ങളിൽ പങ്കെടുക്കുക. അണ്ടർ 10 വിഭാഗത്തിലാണ് സെലക്ഷൻ കിട്ടിയതെങ്കിലും അണ്ടർ 11 വിഭാഗത്തിലും ബൂട്ടണിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് എയസാനോട് ക്ലബ് അധികൃതർ. കുഞ്ഞുനാൾ മുതൽ ഫുട്ബാളിനോടുള്ള താൽപര്യം പ്രകടിപ്പിക്കുന്നത് തിരിച്ചറിഞ്ഞ് എയ്സാനെ പിതാവ് അനസ് ജിദ്ദ സ്പോർട്സ് അക്കാദമിയിൽ ചേർക്കുകയായിരുന്നു.
2019-ൽ കാമറൂൺ സ്വദേശിയായ ലിമ ജോസഫിന്റെ കീഴിൽ ജിദ്ദ സ്പോർട്സ് അക്കാദമിയിൽ പരിശിലീനം ആരംഭിക്കുമ്പോൾ എയ്സാന്റെ പ്രായം നാല്. അവിടന്നിങ്ങോട്ട് കുട്ടികളുടെ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന എയ്സാൻ ജിദ്ദയിലെ ഫുട്ബാൾ ഗ്രൗണ്ടുകളിലെ കാണികളുടെ പൊന്നോമനയാണ്. പ്രായത്തിൽ കവിഞ്ഞ വേഗതയും പന്തടക്കവും ഡ്രിബ്ലിങ്ങും കാഴ്ചവെക്കുന്ന എയ്സാൻ നിരവധി ക്ലബ് മത്സരങ്ങളിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇടതു വലതു വിങ്ങുകളിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന എയ്സാന്റെ അളന്നുമുറിച്ചുള്ള ക്രോസ്സുകൾ നയനമനോഹര കാഴ്ചയാണ്. റൊണാൾഡോയുടെ കടുത്ത ആരാധകനായ എയ്സാൻ സൗദി ഗ്രൗണ്ടുകളിൽ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിലാണ്. അൽ അഹ്ലി ക്ലബിന്റെ കോച്ച് എയ്സാനെക്കുറിച്ച് പറയുന്നത്: ‘ഞങ്ങൾ അവനെ ഓഡിഷനിൽനിന്നാണ് തിരഞ്ഞെടുത്തത്. ഓഡിഷനിൽ ഞങ്ങൾ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു അവൻ. ഫുട്ബാളിൽ അവന് പ്രത്യേക കഴിവുണ്ട്. പന്ത് നിയന്ത്രണം, വേഗം, കാലുകൾ ഉപയോഗിക്കുന്ന രീതി എന്നിവയിൽ മികവ് പുലർത്തുന്നുണ്ട്'.
2019 മുതൽ പരിശീലിപ്പിക്കുന്ന കാമറൂൺ കോച്ച് ലിമ ജോസഫ് പറയുന്നത്: ‘എയ്സാൻ ഒരു കംപ്ലീറ്റ് ഫുട്ബാളർ ആണ്. ഇടതു വിങ്ങിലും വലതു വിങ്ങിലും ഒരു പോലെ തിളങ്ങുന്ന കളിക്കാരൻ. മികച്ച വേഗതയും പന്തടക്കവും ഡ്രിബ്ലിങ് പാടവവുമുള്ള എയ്സാൻ ലോകമറിയുന്ന താരമാവുമെന്ന് തന്നെയാണ് പ്രതീക്ഷ.’ ജിദ്ദയിലെ പ്രമുഖ അറബ് അക്കാദമികളെ പങ്കെടുപ്പിച്ചു നടത്തിയ കുട്ടികളുടെ ടൂർണമെന്റിൽ മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് ബെസ്റ്റ് എമേർജിങ് പ്ലയറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും കൂടിയായിരുന്നു എയ്സാൻ. ബ്ലാസ്റ്റേഴ്സ് എഫ്.സി നടത്തിയ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് എയ്സാൻ. പിതാവ് അനസ് കൊചിപ്പള്ളി ജിദ്ദയിലെ ആഡ്കോ ഗ്രൂപ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. മാതാവ് ആമിന ലുലു യൂനുസ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയാണ്. രണ്ടു വയസ്സുള്ള എസക് സറീൻ ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.