മലയാളി വ്യവസായി അബ്ദുല്ലത്തീഫ് ജുബൈലിൽ നിര്യാതനായി
text_fieldsജുബൈൽ: മലയാളി വ്യവസായി ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റംസ് അവൽ യുനൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ (57) ആണ് ജുബൈലിൽ മരിച്ചത്. 10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി.
ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി കാണപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അബ്ദുല്ലത്തീഫ് കഴിഞ്ഞ 20 വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു. സഹൃദയനും സൗമ്യനുമായ അദ്ദേഹത്തിന് വലിയ സുഹൃദ് വലയമുണ്ട്.
മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം. മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ജുബൈൽ), ജസ്‌ന (ദുബൈ), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബൈ), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, റഷീദ്, ഷാഹിന, സീനത്ത് ഫൗസിയ.
ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച ദമ്മാമില്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുവരും. രാവിലെ കരിപ്പൂരിലെത്തുന്ന മൃതദേഹം പാലക്കാട് അഞ്ജലി ഗാര്‍ഡന്‍സിലെ വീട്ടിലെത്തിച്ച് ഉച്ചക്ക് 12 മുതല്‍ ഒന്നു വരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പാലക്കാട് മേപ്പറമ്പ് ജൂമാ മസ്ജിദില്‍ നമസ്‌കാരത്തിന് ശേഷം ഖബറടക്കുമെന്ന് സഹോദരന്‍ യൂസുഫ് റഷീദ് അറിയിച്ചു. ഇറാം ഐ.ടി.എൽ കമ്പനി സി.എം.ഡിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഡോ. സിദ്ദീഖ് അഹമ്മദ്, ഐ.ടി.എല്‍ എം.ഡി അബൂബക്കര്‍, ഐ.ടി.എൽ വേൾഡ് എം.ഡി ബഷീർ അഹമ്മദ്, ഇറാം മോട്ടോർസ് എം.ഡി കബീർ അഹമ്മദ് എന്നിവരുടെ സഹോദരി ഭർത്താവാണ് മരിച്ച അബ്ദുല്ലത്തീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.