മലയാളിയുടെ മൃതദേഹം രണ്ടര മാസമായി ആശുപത്രിയിൽ
text_fieldsറിയാദ്: മൂന്ന് മാസം മുമ്പ് കാണാതായ മലയാളി യുവാവിെൻറ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കിളിമാനൂർ തട്ടത്തുമല ചാറയം പാലക്കുഴി സ്വദേശി ചരുവിള പുത്തൻ വീട്ടിൽ നിസാമിെൻറ (34) മൃതദേഹമാണ് റിയാദിൽ നിന്ന് 600 കിലോമീറ്ററകലെ ബീശയിലെ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് ബീശയിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മരണം.
നിസാം ഒാടിച്ച ടൊയോട്ട ഹായസ് വാൻ പാലത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ റെഡ്ക്രസൻറാണ് ബീശ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരവേ ജൂലൈ 21ന് മരിച്ചു. ഹഫർ അൽബാതിൻ സ്വദേശിയായ സ്പോൺസർ വിദേശത്തായത് കൊണ്ടാണ് വിവരം അറിയാൻ വൈകിയത്. പലതവണ പൊലീസ് ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ കഴിഞ്ഞയാഴ്ച സ്പോൺസർ സൗദിയിൽ തിരിച്ചെത്തിയപ്പോഴാണ് ഹഫർ അൽബാത്തിൻ പൊലീസ് വഴി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഹഫറിലുള്ള മാതൃസഹോദര പുത്രൻ സഅദും സുഹൃത്ത് ഷാജിയും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
11 വർഷം ഹഫർ അൽബാത്തിനിലുണ്ടായിരുന്ന യുവാവ് ഏഴ് മാസം മുമ്പ് ജിദ്ദയിലേക്ക് മാറിയിരുന്നു. തുണിത്തരങ്ങളുടെ വാൻ സെയിൽസായിരുന്നു ജോലി. ഏഴ് മാസത്തിനിടെ അപൂർവമായി മാത്രമേ നാട്ടിൽ വീടുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുള്ളൂ എന്ന് ബന്ധുക്കൾ പറയുന്നു. അവസാനം വിളിച്ചത് ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന് ഒരാഴ്ച മുമ്പാണ്. ഉടൻ പണം അയക്കും എന്ന് വീട്ടുകാരെ അറിയിച്ചിരുന്നത്രെ. എന്നാൽ അതിന് ശേഷം ഒരു വിവരവുമുണ്ടായില്ല. ഒന്നര വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിയത്.
മുഹമ്മദ് ബഷീറാണ് പിതാവ്. ലത്തീഫ ബീവി മാതാവും. ഭാര്യ: ഷൈമ. കുട്ടികളില്ല. ഏക സഹോദരി: നിസ. സഹോദരി ഭർത്താവ്: സക്കീർ. മൃതദേഹം ബീശയിൽ തന്നെ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരായ നാസർ മാങ്കാവ്, സമീർ, ബഷീർ പാങ്ങോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.